Saturday, October 27, 2012

സൂചിക്കുഴിയില്‍ നൂല് കോര്‍ക്കുക അത്ര എളുപ്പമല്ല

 സൂചിക്കുഴിയില്‍ നൂല് കോര്‍ക്കുക അത്ര എളുപ്പമല്ല
............................................................
...............................................................................................................
കഥ
ടി.സി.വി.സതീശന്‍


 സുഗുണന്‍ മാഷ്‌ അതു പറഞ്ഞപ്പോള്‍ ടൈലര്‍ ദാമോദരന്‍ ഒന്ന് ഞെട്ടി , സ്വതേ കരുവാളിച്ച അയാളുടെ മുഖം ഒന്നുകൂടി കറുത്തു . ഉള്ളില്‍ പെയ്ത അങ്കലാപ്പ്  ചേറുപുരണ്ട വിയര്‍പ്പായി കഴുത്തുവഴി താഴോട്ടേക്കിറങ്ങി .

കിട്ടിയ അവസരം കളയാതെ ന്റെ ദാമോരാ ..മാഷിന്റെ സഹായിയായി വന്ന ഇടിവെട്ട് ഭാസ്കരന്‍ ദാമോദരനെ സമാധാനിപ്പിച്ചു .

ഇതുവരേം ആരെയും ഒന്നും പഠിപ്പിച്ചിട്ടില്ല , എങ്ങിന്യാ പഠിപ്പിക്ക്വാ എന്നറിയുല്ല്വാ .. എന്തിന് , ഒരു പ്രസംഗം പോലും നേരെചൊവ്വേ കേട്ടിട്ട് കൊല്ലങ്ങളായി . ദാമോദരന്‍ കത്രിക മേശമേല്‍ വെച്ച് , അതിനുമേല്‍ അളവ് ടേപ്പ്  കമിഴ്ത്തി വെച്ചു . താഴെ മുറിഞ്ഞുവീണ തുണി കഷണമെടുത്തു  വിയര്‍പ്പ് തുടച്ചു .
 ഞായറാഴ്ച സന്ധ്യക്ക്‌  നീ വായനശാലെന്റെ മീത്തലുള്ള ക്ലബ്ബിന്റെ ആപ്പീസിലേക്ക് വരിക എന്നു  പറഞ്ഞ്  ഉള്ളില്‍ ഗാന്ധിജി നിസ്സഹായതയോടെ ചിരിക്കുന്ന ഒരഞ്ഞൂറിന്റെ നോട്ട്  മാഷ്‌ ദാമോദരന്റെ കീശയില്‍ തിരുകി വെച്ചു .അത്രേം ചെയ്ത്  ഇടിവെട്ട് ഭാസ്കരന്റെ കയ്യും പിടിച്ച്  സുഗുണന്‍ മാഷ്‌ നിരത്തിലേക്കിറങ്ങി .

അടുത്ത ഷര്‍ട്ടിന്റെ തുണി മുറിക്കാനായി ദാമോദരന്‍ കത്രിക കയ്യിലെടുത്തു , ടേപ്പ് കൊണ്ട് അളന്ന് ചോക്കുകൊണ്ട്  അടയാളപ്പെടുത്തിയ വരകള്‍ക്ക് നേരെ കത്രിക തിരിച്ചു , ഒരിഞ്ചു പോലും മുന്നോട്ടു പോകാതെ അതു കിതയ്ക്കുന്നു .

ദാമോദരാ .. തയ്യപ്പണി  നിന്റെ ജീവിത മാര്‍ഗ്ഗമാണ് , വേണ്ടാത്ത എടാകുടങ്ങളിലൊന്നും  ചെന്നുചാടാതെ , കാലപ്പഴക്കമുള്ള സൌഹൃദത്തിന്റെപേരില്‍ കത്രിക 
ഉപദേശിക്കുന്നതായി ദാമോദരന് തോന്നി.

സുഗുണന്‍ മാഷേ ധിക്കരിച്ചുകൂടാ , നാളെ മെമ്പറോ മന്ത്രിയോ ആയേക്കാവുന്ന ആളാണ്‌ , ഉപകാരിയാണ് .
പോയി നോക്കാം ല്ല്യെ .. ദാമോദരന്‍ സ്വന്തം മനസ്സിനോട് സമ്മതം ചോദിച്ചു .

തുലാമാസത്തെ വൈകുന്നേരം ഇടി മിന്നലിന്റെ അകമ്പടിയോടെ മഴ ചാറുന്നു , ശീലക്കുട മടക്കി ഒതുക്കി പിടിച്ചു ദാമോദരന്‍ വായനശാലയുടെ മുകളിലുള്ള ക്ലബ്ബിലേക്കുള്ള മരയേണി കയറി . ഘടാഘടിയന്മാരായ പത്തിരുപതു പേര്‍ വട്ടംചേര്‍ന്നിരിക്കുന്നു . പരിചിതമുഖങ്ങള്‍  , ആകെയുള്ളത് സുഗുണന്‍ മാഷും ഇടിവെട്ട് ഭാസ്കരനും മാത്രം .

സുഗുണന്‍ മാഷ്‌ പതിഞ്ഞ സ്വരത്തില്‍ അവരോടെന്തൊക്കെയോ  പറയന്നു . മാഷിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി ദാമോദരന്‍ തൊണ്ടയനക്കി . സംസാരിക്കുന്നതിനിടയില്‍ മാഷ്‌ കൈകൊണ്ടു ആംഗ്യം കാണിച്ച്  ദാമോദരനെ അകത്തേക്ക് ക്ഷണിച്ചു .

അടക്കിപ്പറച്ചില്‍  ഒരു നിമിഷനേരം നിര്‍ത്തിയിട്ട് .. മാഷ്‌ ദാമോദരനെ അവര്‍ക്ക് പരിചയപ്പെടുത്തി ..
വര്‍ഷങ്ങങ്ങളായി ഈ നാട്ടില്‍ തുന്നല്‍പ്പണിയെടുക്കുന്നവനാണ്  ദാമോദരന്‍ , പാര്‍ട്ടി മെമ്പറല്ല, എങ്കിലും കൂറുള്ളവനാ .. നമുക്ക് വിശ്വസിക്കാം .

കൂടിയിരുന്നവര്‍ കയ്യടിച്ചു .

മേശമേല്‍ നിരത്തിയിട്ട തുണി കാണിച്ചു മാഷ്‌ ദാമോദരനോട് ചിരിച്ചു , എന്നിട്ട് ഘടാഘടിയന്മാരായ അനുയായികളോട് പറഞ്ഞു .. കൈ വെട്ടേണ്ടതെങ്ങിനെ , കഴുത്തു വെട്ടേണ്ടതെങ്ങിനെ , ഉടലു വെട്ടേണ്ടതെങ്ങിനെ എന്നൊക്കെ നമ്മുടെ ദാമോദരന്‍ നിങ്ങളെ പഠിപ്പിച്ചു തരും .

അനുചരന്മാരുടെ ചുഴിഞ്ഞ നോട്ടത്തില്‍ ദാമോദരന്‍ ഒന്ന് പതറി .. അറിയാതെ നാവില്‍ നിന്നും കുന്നുംപുറത്തമ്മയ്ക്ക്  ഒരു വിളി പോയി ... കാവിലമ്മേ കാത്തുരക്ഷിക്കണേ ..

രണ്ട്

കുട്ടികളേ ...
വിരിഞ്ഞുന്തിയ മാറും വീര്‍പ്പിച്ച മസ്സിലുകളില്‍ പേശി മുറുക്കിയ മുഖവുമുള്ള  ചെറിയ തലകളിലേക്ക് നോക്കി ദാമോദരന്‍ വിളിച്ചു . ഉള്ളിലാളിയ ഭയത്തിന്റെ ആന്തലില്‍ അയാള്‍ പെട്ടെന്ന് തിരുത്തി ..
കൂട്ടുകാരേ ,
തയ്യല്‍പ്പണി അത്ര എളുപ്പമുള്ള ഒരു ജോലിയല്ല .. അവര്‍ കണ്ണുരുട്ടി ദാമോദരന്റെ വാക്കുകള്‍ക്കു തടയിട്ടു .
ആദ്യം സൂചിയില്‍ നൂല്‍ കോര്‍ക്കാന്‍ പഠിക്കണം , അതിനു സൂചി വിരലുകളില്‍ ചേര്‍ത്തു പിടിക്കാനറിയണം . പിന്നെ  ബട്ടണ്‍ ഹോള് തുന്നാനും കുടുക്കു വെയ്ക്കാനും പഠിക്കണം .
പേടിച്ചു വിറച്ചാണെങ്കിലും തയ്യിലിന്റെ 
ാല പാഠങ്ങള്‍ ദാമോദരന്റെ നാക്കിലൂടെ പതിഞ്ഞ സ്വരത്തില്‍ പുറത്തേക്കു വീണു .

സുഗുണന്‍ മാഷ്‌ മേശമേല്‍ രണ്ടുതട്ടുതട്ടി .. അനുചര വൃന്ദത്തിന്റെ  മുറുകിയ പേശികളില്‍ അത് അല്‍പ്പം അയവുണ്ടാക്കി . തെങ്ങാപ്പൂള്  പോലുള്ള ഒരു ചിരി അവര്‍ ദാമോദരന് നേരെ ഔദാര്യമായി നീട്ടി .

അതിന്റെ ബലത്തില്‍ ദാമോദരന്‍ അല്‍പ്പം ഖരഭാഷയില്‍ പറഞ്ഞു .. മുറിച്ചിട്ട തുണികള്‍ തുന്നിചെര്‍ക്കുക എന്ന  മഹത്തായ പ്രവൃത്തിയില്‍ ആണ് ഒരു തയ്യല്‍ക്കാരന്‍ ആത്യന്തിക സന്തോഷം കൈവരിക്കുന്നത് .

ഇടിവെട്ട് ഭാസ്ഖരന് ഒന്നും പിടികിട്ടിയില്ല , അവന്‍ സുഗുണന്‍ മാഷേ നോക്കി , മാഷ്‌ കണ്ണ് കാണിച്ചു .. അവന്‍ അനുയായികള്‍ക്ക്  നേരെ തലയാട്ടി , അവര്‍ കര ഘോഷങ്ങളായി അത് ദാമോദരന് മടക്കി കൊടുത്തു .

എല്ലാവരും സൂചി കയ്യിലെടുക്കുക , അതിന്റെ നേര്‍ത്ത തുളയിലൂടെ നൂല് കോര്‍ക്കുക, ബുദ്ധിമുട്ടുണ്ടാകം .. എങ്കിലും നിങ്ങള്‍ നിര്‍ത്തരുത് .

സൂചിയുടെ തുള കണ്ണോടു ചേര്‍ത്തുവെച്ച്  നൂലിന്റെ അറ്റം നാക്കിലെ തുപ്പല് പറ്റിച്ച് അവര്‍ ആ ചെറിയ ദ്വാരത്തില്‍ നൂല് കോര്‍ത്തെടുക്കാന്‍ പാടുപെട്ടു .

"നിത്യാഭ്യാസി ആനയെ എടുക്കും  .. പയ്യെ തിന്നാല്‍ മുള്ളും തിന്നാം" എന്നീ പഴഞ്ചൊല്ലുകള്‍ നിരന്തര പ്രയത്നത്തിനു പാശ്ചാത്തല ഗീതമായി പാടി സുഗുണന്‍ മാഷ്‌ അവര്‍ക്ക് ഉണര്‍വ്വേകി.

അച്ചുമേസ്തിരി കത്രികക്കോണ് കൊ
ണ്ട് മേടിയ (ഞൊട്ടിയ) പാടുകള്‍ തന്റെ കൈവിരലുകള്‍ മടക്കി ദാമോദരന്‍ സുഗുണന്‍ മാഷിന്റെ അനുയായികള്‍ക്ക് കാട്ടി കൊടുത്തു . ഞൊട്ടലുകള്‍  തീര്‍ത്ത തഴമ്പില്‍ തലോടി അയാള്‍ സംതൃപ്തി നേടി .

മൂന്ന്

മേശമേല്‍ ഇരുന്ന ചുരുട്ടിക്കെട്ടിയ തുണിയെടുത്ത് ദാമോദരന്‍ കുടഞ്ഞുവിരിച്ചു . ടേപ്പ്  കയ്യിലെടുത്ത്  ഇടിവെട്ട് ഭാസ്കരന്റെ വന്മതില്‍ പോലെ വിശാലമായ മാറ്‌ അളന്നെടുത്തു , അളവിനായി തലങ്ങും വിലങ്ങും പാഞ്ഞ ടേപ്പ്  അരവണ്ണവും മുതുകുനീളവും കുറിച്ചെടുത്തു . ഇതൊക്കെ കണ്ട് അനുയായിക്കൂട്ടം അന്തംവിട്ടു . വിരിഞ്ഞുമുറുക്കിയ  ടേപ്പ്  ഉണ്ടാക്കിയ അസ്വസ്ഥതയില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ഭാസ്കരന്‍ ആഴത്തിലൊരു നെടുവീര്‍പ്പിട്ടു .

അരക്കയ്യനാവാണോ .. അതോ മുഴുക്കയ്യനോ ?
ദാമോദരന്റെ അടുത്ത ചോദ്യത്തില്‍ ഭാസ്കരന്‍ ഞെട്ടി . അവന്‍ സുഗുണന്‍ മാഷെ നോക്കി .. അനുചരന്മാര്‍ ഭാസ്കരനെയും സുഗുണന്‍ മാഷിനെയും മാറിമാറി നോക്കി .


സുഗുണന്‍ മാഷ്‌ ശ്രീകണ്ടെശ്വരത്തിന്റെ 
ശബ്ദതാരാവലി മറിച്ചു .. അരക്കയ്യനും മുഴുക്കയ്യനും തമ്മിലുള്ള അന്തരത്തെ കുറിച്ച് ലഘുഭാഷണം നടത്തി .

സംശയം നിവര്‍ത്തി കൊണ്ടില്ലെങ്കിലും പതിവുപോലെ ഭാസ്കരനും കൂട്ടരും സുഗുണന്‍ മാഷുടെ സത്യപ്രസ്താവനയെ  തലകുലുക്കി ഉറപ്പിച്ചു .

കൂട്ടരേ .. ഇനിയാണ് ജാഗ്രതയും സൂക്ഷ്മതയും കൂടുതല്‍ ആവശ്യമുള്ളത് . അളവുകള്‍ കുറിച്ച ചോക്ക് വരകളിലൂടെ കത്രിക നീക്കി ദാമോദരന്‍ പറഞ്ഞു .
ആദ്യം നമ്മള്‍ കഴുത്തു വെട്ടുന്നു , പിന്നെ മുതുക് , അതും കഴിഞ്ഞ്  കൈക്കുഴി വെട്ടുന്നു .

ഇലവീണാല്‍ പോലും അറിയാത്ത നിശ്ശബ്ദതയില്‍ അനുയായിക്കൂട്ടം ശ്വാസമടക്കി കാതുകള്‍ ദാമോദരന്റെ വാക്കുകള്‍ക്കായി ഒരുക്കി നിര്‍ത്തി .

കത്രിക ദാമോദരന്റെ കൈവിരലുകളെ അനുസരിച്ചു , വെട്ടിവീണ  തുണിക്കഷണം ഉയര്‍ത്തി അയാള്‍ മറ്റുള്ളവരോടായി പറഞ്ഞു .. ഇപ്പോള്‍ നിങ്ങള്‍ കഴുത്തുവെട്ടാന്‍ പഠിച്ചിരിക്കുന്നു .. അല്ലേ ?

ആവേശം വാനോളം ഉയര്‍ന്നപ്പോള്‍ അനുയായിക്കൂട്ടം ആര്‍ത്തുതുള്ളി . ശ്രീകണ്ടെശ്വരത്തിനു വിട്ടുപോയ പദങ്ങള്‍ പൂരിപ്പിച്ചു കൊണ്ടവര്‍ ശബ്ദതാരാവലി സംപൂഷ്ടമാക്കി .
ഇനി മുതുക്  പിന്നെ കൈകള്‍ ...
 വെട്ടി തീര്‍ന്ന തുണിക്കഷണങ്ങള്‍ ചേര്‍ത്തു കെട്ടി ദാമോദരന്‍  തന്റെ നടുവിന് കൈകൊടുത്ത്  ക്ഷീണമകറ്റി .

കൂട്ടുകാരെ ..,
ഇനി നമ്മള്‍ ചെയ്യാന്‍ പോകുന്നത് നമ്മുടെ ഇടിവെട്ട് ഭാസ്കരന് ഒരു കുപ്പായം തുന്നുക എന്നകര്‍മ്മത്തിലേക്കാണ്‌ .
ആദ്യം നിങ്ങളൊന്നു റിലാക്സ് ചെയ്യുക , പേര്‍ത്തുപേര്‍ത്തു പിടിച്ച നിങ്ങളുടെ ശരീരത്തിലെ മസ്സിലുകള്‍ അയച്ചിടുക ..

വെട്ടുക .. ചീന്തുക .. മുറിക്കുക , എന്നീ ക്രീയാ വിശേഷങ്ങളില്‍ നിന്നും ഒരുപാടകലെയാണ് തുന്നുക , കൂട്ടിച്ചേര്‍ക്കുക തുടങ്ങിയ ക്രിയാ പദങ്ങള്‍ . ഒരു നല്ല തുന്നല്‍ക്കാരാവുക എന്നത് നല്ല മനുഷ്യരാകുക എന്നതാണ് . അഹത്തില്‍ പിടഞ്ഞ ദാര്‍ശനികത ഒരു തത്വജ്ഞാനിയെ പോലെ ദാമോദരന്‍  അവര്‍ക്ക് മുന്നില്‍ വിളമ്പി .
അപനിര്‍മ്മിതിയുടെ പ്രതിക്രീയയായി നാം ചെയ്യാന്‍ പോകുന്നത് ഇതുവരെ വെട്ടിയിട്ടവ തുന്നിചേര്‍ക്കുക എന്ന സവിശേഷ നിര്‍മ്മിതിയിലേക്കാണ്‌ . ഒരു തുന്നല്‍ക്കാരന് വെട്ടിയിട്ടതു പോലെ തുന്നിചേര്‍ക്കുന്നതിനും ചില രീതിശാസ്ത്രമുണ്ട് , നിര്‍ബ്ബന്ധമായും നിങ്ങളത് അറിഞ്ഞിരിക്കണം . ദാമോദരന്‍ തുടര്‍ന്നു .. ആദ്യം വെട്ടിയ  കഴുത്ത്  നമ്മള്‍ അവസാനമായി ആണ് ഉറപ്പിക്കുന്നത് , അവസാനം വെട്ടിയവയാണ് ആദ്യം കൂട്ടി ചേര്‍ക്കുന്നത് .. കഴുത്തുറപ്പിക്കുക എന്നത് കഴുത്തു വെട്ടുക എന്നതിന്റെ നേര്‍വിപരീത പദമാണെന്നത് നിങ്ങള്‍ക്ക്  അറി
ാമല്ലോ ?

തന്റെ പഴയ സിംഗര്‍ തയ്യില്‍ മെഷീന്‍ ഉയര്‍ത്തിവിട്ട കടകടാ ശബ്ദം ബിഥോവാന്റെ ആറാം സിംഫണി  പോലെ ആസ്വാദ്യകരമാണ് എന്നവന്‍ കൂടെയുള്ളവരെ ബോധ്യപ്പെടുത്തി , നിര്‍മ്മിതിയുടെ പുതിയ ആകാശമാനങ്ങള്‍ കാട്ടി ഘടോല്‍ഘടിയന്മാരെ ഒപ്പം കൂട്ടി ..

കുപ്പായങ്ങള്‍ തുന്നുന്നതില്‍ സുഗുണന്‍ മാഷും ഇടിവെട്ട് ഭാസ്കരനും ക്ലബ്ബും തോളോട് തോള്‍ ചേര്‍ന്ന് ദാമോദരന് ഒപ്പം നിന്നു .
നിതാന്ത ജാഗ്രതയോടെ സൂചിക്കുഴിയില്‍ നൂല് കോര്‍ത്തെടുക്കാന്‍ അവര്‍ പരിശ്രമിച്ചു .

ക്ലബ്  വരാന്തയിലിരുന്ന് സുഗുണന്‍ മാഷും ഭാസ്കരനും  മറ്റു ഘടാഘടിയന്മാരും ഇരുപത്തിയൊന്നു തുന്നല്‍ മെഷിനുകളിലായി പുതിയ കുപ്പായങ്ങള്‍ തയ്ക്കുന്നു . വാര്‍ഷിക ജനറല്‍ ബോഡിയില്‍  ദാമോദരന പ്രസിഡണ്ടായും ഇടിവെട്ട് ഭാസ്കരന്‍
 സെക്രട്ടറിയായും തിരഞ്ഞെടുത്തുകൊണ്ട്  നാടിന്റെ നിത്യസമാധാനത്തില്‍ ഭാഗഭാക്കാകാന്‍ ക്ലബ് തീരുമാനിച്ചു .
..............................
......................................................................................................................................................





Saturday, October 20, 2012

ശിവകാശി പടക്കങ്ങള്‍

 ശിവകാശി പടക്കങ്ങള്‍
............................................................
.........................

മിനികഥ
ടി.സി.വി.സതീശന്‍


 പൂത്തിരികള്‍ ആകാശത്തു നക്ഷത്രങ്ങള്‍ വിരിയിക്കുകയും ദിഗന്തങ്ങള്‍ ഭേദിച്ചുകൊണ്ടുള്ള പടക്കങ്ങളുടെ  ഗര്‍ജ്ജനം അവസാനിക്കുകയും  ചെയ്തപ്പോഴേക്കും നേരം പരപര വെളുത്തിരുന്നു .പല്ലുതേയ്ക്കാതെയുള്ള കാലിച്ചായ കുടി കഴിഞ്ഞു പത്രത്താളുകളില്‍ മഷിനോട്ടം ചെയ്യുമ്പോഴാണ് അവള്‍ വിളിച്ചുകൂവിയത് .

ഇങ്ങോട്ട്യേക്കൊന്നു നോക്കിയെ ..?

ചൂല് കൊണ്ട് മുറ്റമടിക്കുന്നതിനിടയില്‍ കിട്ടിയ കടലാസ്സു തുണ്ടുകള്‍ ചേര്‍ത്തു പിടിച്ചു അവള്‍ വായന തുടര്‍ന്നു .. തലേന്ന് മകള്‍ പൊട്ടിച്ച ശിവകാശി പടക്കങ്ങള്‍ അവശേഷിപ്പിച്ച തുണ്ടുകടലാസ്സുകള്‍ .

കണ്ട്ഠനാളത്തില്‍ നിന്നും ഉതിര്‍ന്നുവീണ ഇമ്പമാര്‍ന്ന അവളുടെ ആലാപനം , എവിടെയോ കേട്ട് മറന്ന വരികള്‍ ..

മനസ്സിലായോ ?

കടലാസ്സു  തുണ്ട് എനിക്കുനേരെ നീട്ടി .. ഇത് നിങ്ങളുടെ ആദ്യ കവിതാ സമാഹാരത്തിലെ ... എന്ന കവിതയിലെ ഇന്ന ഭാഗമാണ് .
പുച്ഛംകലര്‍ന്ന ഒരു എളിഭ്യ ചിരിയോടുകൂടി വലിയ വിശദീകരണത്തിനായി അവള്‍ അടുത്തുകൂടി .

പൊട്ടിത്തീര്‍ന്ന പടക്കങ്ങള്‍ ഉപേക്ഷിച്ചുപോയ കടലാസുതുണ്ട് കയ്യില്‍ വാങ്ങി പരിശോധിച്ചപ്പോള്‍ .. ശര്യാണ് .
കണ്ണില്‍ നിന്നും താഴെക്കിറങ്ങിയത്  കണ്ണുനീരായിരുന്നില്ല , വ്യസനത്തിന്റെ തീമഴയായിരുന്നു .

അച്ഛാ .. ആശയങ്ങള്‍ വാക്കുകളായി ഗര്‍ജ്ജിക്കണമെന്നല്ലേ  പണ്ടേതോ എഴുത്തുകാരന്‍ പറഞ്ഞത് , അകത്തുനിന്നും മകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി .

പ്രസാധകന്‍ വഴി , നിരൂപകന്‍ വഴി ആക്രിക്കടക്കാരനിലേക്ക് .. അധികദൂരം താണ്ടിയുള്ള വരവ് ആയിരിക്കണം പുസ്തകത്തിന്റെ പുറംചട്ട കീറി പറിഞ്ഞിരുന്നു , തുന്നിക്കൂട്ടിയ താളുകള്‍  ജീവിതംപോലെ കുത്തഴിഞ്ഞിരുന്നു .

നല്ല ഒരു വിഷുദിനത്തില്‍ വെറുതെ കേട്ട്യോനെ കരയിച്ചുവല്ലോ ..

ഉള്ളില്‍ പതഞ്ഞു പൊങ്ങിയ പാശ്ചാത്താപ ചിന്തയാല്‍ അവള്‍ക്കും സങ്കടം വന്നു ..

സാരല്യാ .. കവിതകള്‍ എഴുതുക എന്നതാണല്ലോ നിങ്ങളുടെ കര്‍മ്മം , അത് ഭംഗിയായി ചെയ്തില്ലേ പിന്നെന്തിനാ സങ്കടപ്പെടുന്നേ , അവള്‍ സമാധാനപ്പെടുത്തി.

പത്രത്താളുകളില്‍ നിന്ന് എന്റെ കണ്ണുകള്‍ ചെന്നു പതിച്ചത്  അലമാരയിലെ അടുക്കിവെച്ച പുസ്തകങ്ങളിലേക്ക് .. 
ശിവകാശിയിലെ ഏതോ തെരുവില്‍ ഒട്ടും സുരക്ഷിതമല്ലാത്ത താവളങ്ങളില്‍ ഇരുന്നു പടക്കങ്ങള്‍ ഉണ്ടാക്കുന്ന കുട്ടികള്‍ .. ആയാസപ്പെട്ട് അവര്‍ പൊതിയുന്ന പടക്കക്കൂട്ടുകളില്‍ എന്റെ മറ്റൊരു പുസ്ടകത്തിന്റെ താളുകള്‍ ..

സങ്കടവും വിങ്ങലും മനസ്സിനെ നീറ്റലിലേക്ക് കൊണ്ടുപോയി ..  എഴുത്തുപുരയില്‍ തലകീഴായി കിടന്നിരുന്ന ഗൌളി വീണ്ടും ചിലച്ചു .

ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കുന്നതിന്റെ വേദന ഒരു സ്ത്രീയ്ക്കെ അറിയൂ .. അത് ചാപിള്ളയായി പോകുമ്പോള്‍ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കും .. അതുപോലെ നോവും നൊമ്പരവും പേറി വേദനിക്കുന്ന എഴുത്തുകാരനും അമ്മ മനസ്സാണ് .

വേവുന്ന നെഞ്ചില്‍ കൈ അമര്‍ത്തി ഞാനവളോട് കെഞ്ചി ..


തൊണ്ട വരളുന്നു ..

കുടിക്കാനിത്തിരി ചൂടുവെള്ളം ....
.....................................................................................................................

Sunday, October 14, 2012

ശിവകാശി പടക്കങ്ങള്‍

ശിവകാശി പടക്കങ്ങള്‍
................................................................................

കഥ
ടി.സി.വി സതീശന്‍


 പൂത്തിരികള്‍ ആകാശത്തു നക്ഷത്രങ്ങള്‍ വിരിയിക്കുകയും ദിഗന്തങ്ങള്‍ ഭേദിച്ചുകൊണ്ടുള്ള പടക്കങ്ങളുടെ  ഗര്‍ജ്ജനം അവസാനിക്കുകയും  ചെയ്തപ്പോഴേക്കും നേരം പരപര വെളുത്തിരുന്നു .പല്ലുതേയ്ക്കാതെയുള്ള കാലിച്ചായ കുടി കഴിഞ്ഞു പത്രത്താളുകളില്‍ മഷിനോട്ടം ചെയ്യുമ്പോഴാണ് അവള്‍ വിളിച്ചുകൂവിയത് .

ഇങ്ങോട്ട്യേക്കൊന്നു നോക്കിയെ ..?

ചൂല് കൊണ്ട് മുറ്റമടിക്കുന്നതിനിടയില്‍ കിട്ടിയ കടലാസ്സു തുണ്ടുകള്‍ ചേര്‍ത്തു പിടിച്ചു അവള്‍ വായന തുടര്‍ന്നു .. തലേന്ന് മകള്‍ പൊട്ടിച്ച ശിവകാശി പടക്കങ്ങള്‍ അവശേഷിപ്പിച്ച തുണ്ടുകടലാസ്സുകള്‍ .
കണ്ട്ഠനാളത്തില്‍ നിന്നും ഉതിര്‍ന്നുവീണ ഇമ്പമാര്‍ന്ന അവളുടെ ആലാപനം , എവിടെയോ കേട്ട് മറന്ന വരികള്‍ പോലെ മനസ്സില്‍ ഓടിക്കളിച്ചു .

മനസ്സിലായോ ?

കടലാസ്സു  തുണ്ട് എനിക്കുനേരെ നീട്ടി .. ഇത് നിങ്ങളുടെ ആദ്യ കവിതാ സമാഹാരത്തിലെ ... എന്ന കവിതയിലെ ഇന്ന ഭാഗമാണ് .
പുച്ഛംകലര്‍ന്ന ഒരു എളിഭ്യ ചിരിയോടുകൂടി വലിയ വിശദീകരണത്തിനായി അവള്‍ അടുത്തുകൂടി .

പൊട്ടിത്തീര്‍ന്ന പടക്കങ്ങള്‍ ഉപേക്ഷിച്ചുപോയ കടലാസുതുണ്ട് കയ്യില്‍ വാങ്ങി പരിശോധിച്ചപ്പോള്‍ .. ശര്യാണ് .
കണ്ണില്‍ നിന്നും താഴെക്കിറങ്ങിയത്  കണ്ണുനീരായിരുന്നില്ല , വ്യസനത്തിന്റെ തീമഴയായിരുന്നു .

അച്ഛാ .. ആശയങ്ങള്‍ വാക്കുകളായി ഗര്ജ്ജിക്കണമെന്നല്ലേ  പണ്ടേതോ ഒരു എഴുത്തുകാരന്‍ പറഞ്ഞത് , അകത്തുനിന്നും മകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി .

പ്രസാധകന്‍ വഴി , നിരൂപകന്‍ വഴി ആക്രിക്കടക്കാരനിലേക്ക് .. ഒരുപാട് ദൂരം താണ്ടിയുള്ള വരവില്‍ പുസ്തകത്തിന്റെ പുറംചട്ട കീറി പറിഞ്ഞിരുന്നു , തുന്നിക്കൂട്ടിയ താളുകള്‍  കുത്തഴിഞ്ഞിരുന്നു .

നല്ല ഒരു വിഷുദിനത്തില്‍ വെറുതെ കേട്ട്യോനെ കരയിച്ചുവല്ലോ ..
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ പാശ്ചാത്താപ ചിന്തയാല്‍ അവള്‍ക്കും സങ്കടം വന്നു ..

സാരല്യാ .. കവിതകള്‍ എഴുതുക എന്നതാണല്ലോ നിങ്ങളുടെ കര്‍മ്മം , അത് ഭംഗിയായി ചെയ്തില്ലേ പിന്നെന്തിനാ സങ്കടപ്പെടുന്നേ , അവള്‍ സമാധാനപ്പെടുത്തി.

പത്രത്താളുകളില്‍ നിന്ന് എന്റെ കണ്ണുകള്‍ ചെന്നു പതിച്ചത്  അലമാരയിലെ അടുക്കിവെച്ച പുസ്തകങ്ങളിലേക്ക് .. 
ശിവകാശിയിലെ ഏതോ തെരുവില്‍ ഒട്ടും സുരക്ഷിതമല്ലാത്ത താവളങ്ങളില്‍ ഇരുന്നു പടക്കങ്ങള്‍ ഉണ്ടാക്കുന്ന കുട്ടികള്‍ .. ആയാസപ്പെട്ട് അവര്‍ പൊതിയുന്ന പടക്കക്കൂട്ടുകളില്‍ എന്റെ മറ്റൊരു പുസ്ടകത്തിന്റെ താളുകള്‍ ..
സങ്കടവും വിങ്ങലും മനസ്സിനെ നീറ്റലിലേക്ക് കൊണ്ടുപോയി ..
ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കുന്നതിന്റെ വേദന ഒരു സ്ത്രീയ്ക്കെ അറിയൂ .. അത് ചാപിള്ളയായി പോകുമ്പോള്‍ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കും .. അതുപോലെ നോവും നൊമ്പരവും പേറി വേദനിക്കുന്ന എഴുത്തുകാരനും അമ്മ മനസ്സാണ് .

നോവുന്ന നെഞ്ചില്‍ കൈ അമര്‍ത്തി ഞാനവളോട് കെഞ്ചി ..


തൊണ്ട വരളുന്നു ..

കുടിക്കാനിത്തിരി ചൂടുവെള്ളം .
.....................................................................................................................

Friday, October 5, 2012

ഇല്ലാ , നീ മരിക്കുന്നില്ല ..

ഇല്ലാ , നീ മരിക്കുന്നില്ല ..
കഥ
ടി.സി.വി.സതീശന്‍
....................................................................................................


ചെമ്പ്രാകുന്നിലേക്കുള്ള അവസാന ബസ്സും പോയി . ഉത്തമന്‍ കയ്യിലെ പഴയ എച്ച് ഏം ടി വാച്ച് നോക്കി .. സമയം പത്തേ നാല്‍പ്പത്തിയഞ്ച്  .   പത്തു മിനിട്ട്  സ്ലോ ആണ് , അതും  കൂട്ടി വേണം സമയത്തെ അളക്കാന്‍ . നരച്ച സ്ട്രാപ്പില്‍ വെളുത്ത ഡയലില്‍ കാലം വരുത്തി വെച്ച മഞ്ഞ നിറം . പിതൃസ്വത്തായി ഉത്തമന് ആകെക്കൂടി കിട്ടിയത് ഈ വാച്ചും വളഞ്ഞ കാലുള്ള നരച്ച ശീലക്കുടയുമായിരുന്നു .  പഴന്തുണി കൂറ തിന്നും , കമ്പികള്‍ തുരുമ്പെടുത്തും കുട അധികം വൈകാതെ അച്ഛന്റെ അടുത്തേക്ക്‌ പോയി , ഓര്‍മ്മകളായി എച്ച് ഏം ടി വാച്ച് ഉത്തമന്റെ കൈത്തണ്ടയില്‍ കിടന്ന് കഷ്ടപ്പെട്ടാണെങ്കിലും കാലത്തെയും സമയത്തെയും
ഇന്നും ക്രമപ്പെടുത്തുന്നു .

നല്ല മഴ , ബസ്സ്‌ സ്റ്റാന്‍ഡിലെ ഒട്ടുമിക്ക കടകളുടെയും ഷട്ടര്‍ വീണു കഴിഞ്ഞിരുന്നു . മഴ നനഞ്ഞത്‌ കൊണ്ടാവണം വാച്ചിന്റെ ഡയലില്‍ ആവി പരന്ന്  മങ്ങല്‍ . മുണ്ടിന്‍റെ തലപ്പ്‌ കൊണ്ട് അതു തുടച്ചു . കുമാരേട്ടന്‍ വിളിച്ചിരുന്നു , നിന്റെ അച്ഛന്റെ നാല്‍പ്പത്തിനാലാം ചരമ വാര്‍ഷികമാണ് , വലിയ നേതാവ്  വരുന്നു , വിപുലമായ ആഘോഷ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് .. നീ എന്തായാലും വരണം .

കുമാരേട്ടനെ ധിക്കരിക്കാന്‍ പറ്റില്ല , അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ് , അനുസരിക്കുകയെ വഴിയുള്ളൂ .


ഉത്തമന്‍ വാച്ചിലേക്ക് നോക്കി .. ഓര്‍മ്മകളെ  നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ മുമ്പോട്ടേക്ക് പായിച്ചു , കോരിച്ചൊരിയുന്ന മഴയുള്ള ഒരു കര്‍ക്കിടക രാവിലേക്ക് .. മാറാല കെട്ടിയ സിമന്റു തേക്കാത്ത കൊട്ടില് മുറിയില്‍ ഞെരങ്ങുന്ന വിറകുകൊള്ളി പോലുള്ള ശരീരത്തെ മനസ്സിലേക്ക് ആവാഹിച്ചെടുത്തു . പുറത്തു ചീവിടുകള്‍ ഒച്ചവെക്കുന്നു , ധാരമുറിയാതെ പെയ്യുന്ന മഴത്തുള്ളികളില്‍ ഞെരക്കം അലിഞ്ഞില്ലാതാവുന്നു .  ക്ഷയരോഗമോ കാന്‍സറോ ആയിരിക്കാം എന്നാണു നാട്ടു വൈദ്യന്മാരുടെ വിധിയെഴുത്ത് . കാക്കി നിക്കറിട്ട പോലീസുകാരുടെ ആണി തറച്ച ബൂട്ടിന്റെ  പാടുകളാണ് ശേഖരന്റെ നെഞ്ചു കലക്കിയത് ..  കുമാരേട്ടന്  അതില്‍ സംശയം ഒന്നുമുണ്ടായില്ല .


അവറോത്തു എശ്ശമാനന്റെ പത്തായപ്പുരയില്‍ കുമിഞ്ഞു കൂടിയ നെല്ല് .. എരുതിനെ പൂട്ടുന്ന നാണുവിന്റെ കുടിയിലെ പട്ടിണി തീയ് . ഗ്രഹണി പിടിച്ചു ഉന്തിയ വയറുകളുമായി , ഒലിച്ചിറങ്ങുന്ന മൂക്കിള വലിച്ചിറക്കി ദാഹവും പശിയും തീര്‍ക്കുന്ന കുട്ടികള്‍ .. നഞ്ചുപാടത്ത്   ചെമ്മരത്തി, മൂര്‍ന്നീട്ട കറ്റകള്‍ ചവിട്ടി മെതിക്കുമ്പോള്‍ പറഞ്ഞത് അടുത്ത ജന്മത്തിലെങ്കിലും എശ്ശമാന്റെ  പത്തായത്തിലെ എലിയായി തീരണമേ,  എന്നാണ് .. , അത് പറയുമ്പോള്‍ അവളുടെ കാലുകള്‍ക്കിടയില്‍ കതിര്‍മണികള്‍ പിടയുകയായിരുന്നു . 

ശേഖരനും ഞാനുമൊക്കെ ആണാണ് എന്നു പറഞ്ഞു
പിന്നെന്തിനു നടക്കണം ? മുതുകില്‍ ബയണറ്റ് കുത്തിയുണ്ടാക്കിയ പാടുകള്‍ കാണിച്ച് കുമാരേട്ടന്‍ പറഞ്ഞു , പ്രായം തൊണ്ടയില്‍ കുടുക്കിയ കഫക്കെട്ട് കാറിത്തുപ്പി തുടര്‍ന്നു .. അതൊരു കാലം .

ശേഖരന്‍ രക്തസാക്ഷിയല്ല , ദീനം വന്നു ചത്തതാണ് , നാല്‍പ്പത്തിനാലു കൊല്ലം മുമ്പുള്ള സംസാരം ഉത്തമന്റെ മനസ്സില്‍ പുളി രസമായി തികട്ടി . നിസ്സഹായതയുടെ വെയിലില്‍ നാലുമാക്കളെയും കൊണ്ട് പെടാപ്പാട് പെടുന്ന അമ്മയുടെ മുഖം തെളിഞ്ഞു . അടുക്കള ചായ്പ്പിലെ പുകയാത്ത അടുപ്പില്‍ ചുണ്ടെലികള്‍ താവളമുറപ്പിച്ചിരുന്നുവെങ്കിലും അമ്മ മനസ്സില്‍ പെയ്തത് തീമഴയായിരുന്നു .. ഉത്തമന്‍ അന്ന് തീരുമാനിച്ചതാ , ആവുന്നെങ്കില്‍ ജീവിതത്തില്‍ ഒരു പെരുച്ചാഴി തന്നെ ആവണമെന്ന് .

നാഴിക മണികള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തിയത്‌ ഡിമിനിഷിങ്ങ് എന്ന വാക്കാണ്‌ , ഘടികാര സൂചികള്‍ സെക്കന്റുകളായും മിനിട്ടുകളായും മണിക്കൂറും ദിവസങ്ങളുമായി കാലത്തെ കൊന്നുതിന്നു .  പത്തു നാല്‍പ്പതു കൊല്ലമായി  ത്യാഗം , കൂടപ്പിറപ്പ് എന്നീ വാക്കുകള്‍ അബദ്ധവശാലെങ്കിലും ആരും ഉച്ഛരിച്ചതായി ഉത്തമന്റെ കാതുകള്‍ കേട്ടില്ല . പെരുച്ചാഴികള്‍ നിറഞ്ഞ ഈ  ലോകത്ത് എലികളുടെ വംശമഹിമ ഇല്ലാത്ത ഇത്തരം വാക്കുകള്‍ അശ്ലീലമല്ലാതെ മറ്റെന്താണ് .. ഒരു ദീര്‍ഘ ശ്വാസത്തില്‍ ആ വേണ്ടാതീനത്തെ ഉത്തമന്‍ ഒതുക്കി .

ഒരാളുടെ സ്ഥൂല ശരീരം ഇല്ലാതായിട്ട് നാല്‍പ്പത്തിനാലു വര്‍ഷം കഴിഞ്ഞു , എന്നിട്ട് ഇപ്പോഴാണ് അയാളെ കുറിച്ച് ഓര്‍ക്കുന്നത് ? അതിന്റെ വൈരുദ്ധ്യത്തില്‍ മനസ്സ് ഉടക്കി നിന്നു , ഉള്‍വിളി പോലെ ഇപ്പോഴെന്തിനായിരിക്കണം അവര്‍ക്കങ്ങിനെ തോന്നിയത് ? ഓര്‍മ്മിക്കലും ആചരിക്കലും .. ഉള്ളില്‍ ചിരിയാണ് വന്നത് . കുമാരേട്ടന്റെ വിളി, അതുമാത്രമാണ് ചെമ്പ്രാ കുന്നിലേക്കുള്ള ഈ യാത്രയിലെ ഉള്‍പ്രേരണ.


അല്‍പ്പം മാറി പെട്രോമാക്സിന്റെ മഞ്ഞ വെളിച്ചത്തില്‍ പത്തു പതിനഞ്ചു പേര്‍ കൂടി നില്‍ക്കുന്നു .. വഴിയില്‍ കുടുങ്ങിയവരോ , നേരമിരുട്ടും  വരെ പണിയെടുത്തിട്ടും ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ കഴിയാതെ ഇരുട്ടിന്റെ വിഹായസ്സില്‍ മറ്റേതൊക്കെയോ തൊഴിലുകള്‍ തേടുന്നവരോ ആയിരിക്കണം അത് . സിഗറുകള്‍ പുകച്ചും ചായ മോന്തിയും അവര്‍ അവരുടെതായ വിഷയങ്ങള്‍ സംസാരിക്കുന്നത് ഉത്തമന്‍ കേട്ടു . ഒരു ചായ കഴിച്ചാലോ , ഉള്ളില്‍ പൊന്തിയ വിചാരത്തോടെ ഉത്തമന്‍ പെട്ടിക്കടയുടെ അടുത്തേക്ക്‌ നടന്നു .


മുപ്പതു വര്‍ഷം കഴിഞ്ഞു ചെമ്പ്രാ കുന്നു വിട്ടിട്ട് , അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതേയില്ല , അതില്‍ വലിയ കുറ്റബോധമൊന്നും തോന്നിയതുമില്ല .. അങ്ങോട്ടാകര്‍ഷിക്കാന്‍ തക്ക വേരുകള്‍ ഒന്നും ഇപ്പോള്‍ തനിക്കില്ലല്ലോ . വല്ലപ്പോഴും മേല്‍വിലാസക്കാരനെ തേടിയലഞ്ഞ് വൈകിയെത്തുന്ന കുമാരേട്ടന്റെ വലിയ കയ്യക്ഷരങ്ങള്‍ പതിഞ്ഞ ഒരു ഇന്‍ലെന്റ് , അതുമല്ലെങ്കില്‍ ഒരു ഫോണ്‍ വിളി .. ജന്മ നാടുമായുള്ള നൂല്‍ ബന്ധം കാത്തു സൂക്ഷിക്കുന്ന വകകള്‍ അതുമാത്രമാണ് .

ആവി പാറുന്ന ചായ ഊതിയാറ്റി കുടിച്ചു കൊണ്ട് ഉത്തമന്‍ വാച്ചിലേക്ക് നോക്കി .. കറുത്ത സ്ട്രാപ് വെയിലും മഴയും കാലവും ചേര്‍ന്ന് മങ്ങിയ പച്ച നിറമായി തീര്‍ത്തിരിക്കുന്നു .. നിത്യജീവിതത്തില്‍ നേരിയ പച്ചപ്പിനെ പോലും കറുപ്പ് കാര്‍ന്നു തിന്നുന്ന നേര്‍ക്കാഴ്ചയില്‍ ഈ നേരിയ പച്ചപ്പ്‌ ഉള്ളില്‍ ദീന നര്‍മ്മമാണ് പടര്‍ത്തിയത് . അന്നം  തേടി അടുപ്പിലെത്തിയ എലികള്‍ പട്ടിണി കിടന്ന് ചത്ത സംഭവം അമ്മ കണ്ണീരോടെ വിവരിക്കുന്നത് ഉത്തമന്റെ  ഓര്‍മ്മയില്‍ തെളിഞ്ഞു .

അന്നൊന്നും കാണിക്കാത്ത സ്നേഹം ആകാശം ഇടിഞ്ഞു വീണു ഇപ്പോള്‍ മുന്നിലെത്തിയത് എന്തിനായിരുന്നു . ആ നാളുകളില്‍ ശേഖരന്‍ വെറും ദീനക്കാരന്‍ എന്നേ നാട്ടുകാര്‍ പറഞ്ഞുള്ളൂ .. ഇപ്പോള്‍ സമൂഹത്തിന്റെ നന്മയക്കായി നെഞ്ചു വിരിച്ച് , ചോര കൊടുത്തവന്‍ എന്നൊക്കെ പറയുമ്പോള്‍ അതിലെ തമാശ ഉത്തമന്റെ തലച്ചോറിളക്കി മുഴുത്ത ചിരിയായി പടര്‍ന്നു .

ചുറ്റും കൂടി നിന്ന അപരിചിതര്‍ ചായ ഗ്ലാസ് കയ്യില്‍ പിടിച്ചു കൌതുകത്തോടെ , ആകാംക്ഷയോടെ നോക്കി .. ഇതേതു പുതിയ വട്ട്‌ .. ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ ? അവര്‍ പരസ്പരം ചൊറിഞ്ഞു .

പരിസരബോധം  വീണ്ടെടുത്ത് ഉത്തമന്‍ അവരോടായി പറഞ്ഞു ...
കൂട്ടരെ ,  ചിരിയില്‍ മുഴങ്ങിയത് എന്റെ വട്ടല്ല , എനിക്ക് ചുറ്റുമുള്ള ഒരുപാടുപേരുടെ വട്ടിനെ കുറിച്ച് ആലോചിച്ചപ്പോള്‍ വന്നുപോയ ചിരിയാണ് . ഒരു സിഗറിനു തീ കൊളുത്തി പുക ആകാശത്തേക്ക് പറത്തി അയാള്‍ ആസ്വദിച്ചു . വൃത്തങ്ങളായി ഉയരുന്ന പുക അലിഞ്ഞില്ലാതാവുന്നതിന്റെ സമസ്യാ പൂരണത്തിനായി  തല ചൊറിഞ്ഞു , താടി രോമങ്ങള്‍ തടവി .

കാട്ടുമരങ്ങളും വള്ളികളും പൊന്തകളും ഇടതുര്‍ന്ന മലവാരത്ത് പാമ്പുകളും  മനുഷ്യരും പക്ഷികളും രാവുകളെയും പകലുകളെയും നിറയാത്ത വയറിലും ആഘോഷിച്ചു തീര്‍ത്തു . പരസ്പര വിശ്വാസത്തിന്റെ നാളുകളില്‍ അന്നന്നത്തെ അത്താഴം അതു മാത്രമേ അവരെ, അല്‍പ്പമെങ്കിലും വൈരികളാക്കിയുള്ളൂ .  കുന്നുകളിലെ  ഇടതൂര്‍ന്ന ഇരുളില്‍ അതിഥിയെ പോലെ വന്നെത്തുന്ന വെയില് , ശേഷിപ്പിക്കുന്ന വൈരത്തെ കെടുത്തിയിരുന്നു .

മലവാരവും അടിവാരവും ഇന്നെങ്ങിനെയായിരിക്കുമോ , ഉത്തമന്റെ മനസ്സില്‍ ജിജ്ഞാസ രൂപപ്പെട്ടു . കേട്ടിടത്തോളം ഉള്ള അറിവുകള്‍ വെച്ച്‌ എല്ലാ മലയോരത്തെയും പോലെ മൊട്ടയാക്കപ്പെട്ടോ , വെട്ടിത്തെളിച്ച് റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചോ ആയിരിക്കാനാണ്‌ സാധ്യത ..  ആധി ഉത്തമനില്‍ പെയ്തു .

ഒരു ചെറ്റക്കുടിലില്‍ നിന്നും ഇടത്തരക്കാരനിലേക്കുള്ള ദൂരം നടന്നു തീര്‍ക്കുന്നതിനിടയില്‍ ഒരുപാട് തവണ കാലിടറിയിട്ടുണ്ട് , പിന്നീടുള്ള യാത്ര അത്രയ്ക്കൊന്നും ദുഷ്ക്കരമായില്ല എന്നത് വസ്തുതയായി നില്‍ക്കുന്നു . വൈരുദ്ധ്യങ്ങളുടെ മനസ്സില്‍ യുദ്ധസമാനമായ സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ട് . ഉത്തമനെന്ന ശരിയും ഉത്തമനെന്ന തെറ്റും പരസ്പരം കൊമ്പു കോര്‍ത്തിട്ടും ഉണ്ട് .

ഫ്ലെക്സ് ബോര്‍ഡുകളില്‍ ഇരുന്ന് അച്ഛന്‍ ചിരിക്കുന്നതായി ഉത്തമന് തോന്നി , അങ്ങാടിയിലെ വലിയ കമാനത്തില്‍ ശേഖരന്‍ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കണം . ത്യാഗത്തെ , മനുഷ്യ സ്നേഹത്തെ വാഴ്ത്തുന്ന , ശരിയിലേക്കുള്ള നടപ്പാത തുറക്കുന്ന ഗാനങ്ങള്‍ കോളാമ്പി മൈക്കിലൂടെ ( അതിന്‍റെ പുതിയ പുത്രരൂപങ്ങളില്‍ ) പാടിക്കൊണ്ടിരിക്കുകയാവും ഒരുപക്ഷെ ഇപ്പോള്‍ .
നാളെ , ചാനല്‍ ഫോട്ടോഗ്രാഫര്‍ക്ക് നേരെ പോസ്സു ചെയ്തു മുദ്രാവാക്യം വിളിക്കുന്ന ക്ലീന്‍ഷെയ് വ് ചെയ്ത ഒരു  കിളുന്തു പയ്യന്‍റെ മുഖവും അവന്‍ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറിയുന്ന മുദ്രാവാക്യങ്ങളും  മനസ്സിലേക്കോടിയെത്തി . അവനു ചുറ്റും ആവേശത്താല്‍ ചത്ത കുറെ മുഖങ്ങളുടെ നിസ്സഹായതയില്‍ പൊതിഞ്ഞ ഏറ്റുവിളികളും .

ക്ഷയരോഗം വന്നു ദീനക്കിടക്കയില്‍ ചത്തു പോയവന്റെ കേട്ട്യോള്‍ക്കും പിള്ളേര്‍ക്കും കഞ്ഞിക്കുള്ള വക പെന്‍ഷനായി കൊടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും സഹായത്തിനെത്തിയില്ല . ശേഖരന്റെ ഭാര്യയുടെ ഒഴിഞ്ഞ കൈവെള്ളയെ നോക്കി ചിലരെങ്കിലും പരിഹസിക്കുകയോ , നിസ്സാഹയത നടിക്കുകയോ ചെയ്തു .. കൂടെ നടന്നവവരുടെ ആര്‍ഭാടങ്ങള്‍ക്കു മുന്നില്‍ ഉടുതുണിയഴിയാതിരിക്കാന്‍ നാല് മക്കളെയും കൊണ്ട് പെടാപ്പാടുപെട്ടു ആ അമ്മ . വല്ലപ്പോഴും കുമാരെട്ടനെന്ന മിന്നാമിന്നി  കാട്ടി തന്ന ഇത്തിരി വെട്ടത്തില്‍ ദൂരങ്ങള്‍ താണ്ടിയ ബാല്യത്തെ ഉത്തമന്‍ ഓര്‍ത്തെടുത്തു .

മഴയുടെ ആകാശത്തു നേരിയ നീറ്റല്‍ , കുളിരുള്ള കാറ്റ് നൊമ്പരങ്ങളെ തഴുകി , ഉത്തമന്‍ വീണ്ടുമൊരു സിഗറിനു തീ കൊടുത്തു . ജീവിതം പുകച്ചു തീര്‍ക്കുക , നെഞ്ചിന്‍ കൂടില്‍ നിസ്സഹായന്റെ പ്രതിഷേധമായി കഫം നിറയ്ക്കുക , കഫക്കെട്ട് മൂടിയ നെഞ്ചില്‍ നിന്നു ആയാസപ്പെട്ട്‌ ശ്വാസം പുറത്തേക്ക് വലിക്കുക , അവ്യക്തവും വികൃതവുമായ ശബ്ദങ്ങളില്‍ ചുമയായും മുറിഞ്ഞ വാക്കുകളുമായി സമൂഹത്തിന്റെ സനാതനചര്യകളില്‍ അങ്ങിനെ വിയോജിപ്പ് പ്രകടിപ്പുക . ചിരിച്ചു രസിക്കുന്നവരുടെ സായന്തനങ്ങളില്‍ ചുമ ഒരു അശ്ലീലമായി പടരട്ടേ .. ഉത്തമന് അങ്ങിനെയൊക്കെ ചിന്തിക്കാനാണ് അപ്പോള്‍ തോന്നിയത് .

നോക്കിയ കണ്ണാടികളിലൊന്നും വ്യക്തമായ ഒരു മുഖ ചിത്രം തെളിഞ്ഞു വരാഞ്ഞതില്‍ ഉത്തമന് കുണ്ഡിതമുണ്ട് . നിത്യക്കാഴ്ചകളുമായി സമരസപ്പെട്ടു പോകാന്‍ മുഖം ആഗ്രഹിക്കുമ്പോഴും പണ്ടെന്നോ വായിച്ചതും നിരീക്ഷിച്ചെടുത്തതും ജീവിച്ചു തീര്‍ത്തതുമായ അനുഭവങ്ങള്‍ , യുദ്ധമുഖത്തെ വില്ലനെ പോലെ മനസ്സില്‍ തെളിയും . ദ്വന്ദങ്ങളുടെ മനസ്സ് വഴിയാത്രയില്‍ ശകുനങ്ങളായും അപശകുനങ്ങളായും തീര്‍ന്നിട്ടുമുണ്ട് . ദേഷ്യം വരുമ്പോള്‍ കണ്ണാടി വലിച്ചെറിയുകയും ഉടഞ്ഞ കണ്ണാടിയില്‍ തെളിയുന്ന വികൃത മുഖത്തെ നോക്കി ഉച്ചത്തില്‍ ചിരിക്കുക , മറ്റേതൊരു സാധാരണക്കാരനും ചെയ്യുന്നതു പോലുള്ള അത്തരം പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് സംതൃപ്തിയടയുകയാണ് 
അപ്പോഴൊക്കെ ഉത്തമനും ചെയ്യുക പതിവ് .

ഒരു ചായ കൂടി .. മറ്റൊരു പണിയുമില്ലാത്തതിനാല്‍ ഉത്തമന്‍ ചായ കുടിച്ചും സിഗാര്‍ വലിച്ചും സമയം തള്ളി  ..  മൂന്ന് ഇരുപതിന് എറണാകുളത്തെക്കുള്ള  സൂപ്പര്‍ ഫാസ്റ്റ് , അതു കഴിഞ്ഞു നാല് മുപ്പതിന് കെഎസ്ആര്‍ടിസി കാസര്‍ഗോട്ടെക്ക് , അതും കഴിഞ്ഞു എഴുമണിക്കാണ്‌ ചെമ്പ്രാ കുന്നിലേക്കുള്ള ബസ്സ് . അതിലേതില്‍ കയറണം , ഉറച്ച ചിന്ത ജീവിതത്തില്‍ ഒരിക്കലും കൊണ്ടു നടക്കാത്ത ഉത്തമന് അതും ഒരു വിഷയമേ ആയില്ല , ആദ്യം വരുന്ന ബസ്സ് അപ്പോള്‍ വരുന്ന മൂഡ്‌ ഇതൊക്കെ കാര്യങ്ങള്‍ അതിന്റെതായ  വഴിയില്‍ നീക്കിക്കൊള്ളും , നൂറായിരം പ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കാനൊന്നും പേന്‍ നിറഞ്ഞതും താരന്‍ മൂടിയതുമായ തന്റെ ചെറിയ  തല പുണ്ണാക്കാക്കെണ്ടതില്ല എന്നമട്ടില്‍ അടുത്ത സിഗറിനു തീ കൊളുത്തി.

മഴ തിമര്‍ത്തു പെയ്യുകയാണ് . പാതയോരത്തെ ഗാന്ധി പ്രതിമ നനഞ്ഞൊലിക്കുന്നു , മഹാത്മാവിന്റെ കണ്ണുകളിലൂടെ നീര് ചാലായൊഴുകുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സങ്കടം , വെയിലും മഴയും കൊണ്ടു ഈ നാടിനെ നന്നാക്കാന്‍ പാടുപെട്ടിരുന്ന മഹാ ത്യാഗിവര്യന്‍ കരയുകയാണോ ? താന്‍ ചൂടിയ ശീലക്കുട പ്രതിമയ്ക്ക് ചൂടിക്കൊണ്ട് ആ മഹാത്മാവിനോട് ഉത്തമന്‍ തന്റെ അനുതാപം രേഖപ്പെടുത്തി .

മഹാനഗരത്തിലേക്ക്‌ ആളുകളെ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരനായി അപ്പോഴേക്കും സൂപ്പര്‍ഫാസ്റ്റ് ,
ഉടുത്തൊരുങ്ങി ബസ്സ്‌ സ്റ്റാന്‍ഡിനകത്തേക്ക് എത്തിക്കഴിഞ്ഞിരുന്നു .
ചെമ്പ്രാ കുന്നിന്റെ ഓര്‍മ്മകളെ മനസ്സില്‍ നിന്നും മഴ കൊണ്ടു പോയിരുന്നു , അല്ലെങ്കില്‍ തന്നെ ബീഡി തെറുപ്പുകാരനായ ശേഖരന്‍ ക്ഷയം പിടിച്ച് ദീനക്കിടക്കയില്‍ ചത്തു എന്ന ചരിത്ര സാക് ഷ്യത്തിനു മേല്‍ രക്തസാക്ഷിത്വത്തിന്റെ പുതിയ മേലങ്കി എന്തിനു പുതക്കണം ..

നഗരങ്ങളാണ് എല്ലാവരെയും പോലെ , തന്നിലേയും മാലിന്യങ്ങളും നിക്ഷേപിക്കുവാന്‍ നല്ല താവളമെന്ന ബോധ്യാത്താല്‍ ഉത്തമന്‍ സുപ്പര്‍ ഫാസ്റ്റില്‍ കയറി  , കൈത്തണ്ടയില്‍ കിടന്ന എച് ഏം ടി വാച്ചിലെ സൂചികള്‍ തിരിയാന്‍ പ്രയാസപ്പെടുന്നതായി ഉത്തമന്‍ കണ്ടു . മഴ നനയാതിരിക്കാന്‍ , വലിച്ചു താഴ്ത്തിയ സൈഡ്‌ ഷട്ടര്‍ തുറന്ന്, സമയത്തെയും കാലത്തെയും കൈവെള്ളയിലൊതുക്കാനായി ഉത്തമന്‍ തന്റെ വാച്ച് പുറത്തേക്കെറിഞ്ഞു . വാച്ചിലെ വലുതും ചെറുതുമായ സൂചികള്‍ മഴവെള്ളത്തില്‍ കറങ്ങാനാകാതെ കഷ്ടപ്പെടുന്നത് കണ്ടു രസിച്ചു .

ബസ്സില്‍ , സ്റ്റീരിയോവില്‍നിന്നു  പഴയ വിപ്ലവഗാനത്തിന്റെ വരികള്‍ , ചരിത്രത്തെ ഓര്‍മ്മപ്പെടുത്തി അനസ്യൂതമായി ഒഴുകി കൊണ്ടേയിരുന്നു  .
..............................
..........................................................................................

പൊടിക്കാറ്റ്

പൊടിക്കാറ്റ് 
..........................................................
കഥ
ടി.സി.വി.സതീശന്‍
.......................................................

ഉഷ്ണക്കാറ്റ് പൊടികള്‍ അടിച്ചുയര്‍ത്തുന്ന മണല്‍തിട്ടകളിലൂടെ മലര്‍വാടി എന്ന ബസ്സ്‌ വസന്തനഗറിനെ ലക്‌ഷ്യം വെച്ച്‌ പാഞ്ഞു , അങ്ങിങ്ങ് എഴുന്നു നില്‍ക്കുന്ന മുള്‍ച്ചെടികള്‍ തലയാട്ടി ബസ്സിനു സ്വാഗതമോതി . അത്ഭുതകാഴ്ച കണ്ട് പനമ്പുകള്‍ കൊണ്ടുതീര്‍ത്ത കുടികളിലിരുന്ന കോണകമുടുത്ത കുട്ടികളുടെ കണ്ണുകളില്‍ കൊതികൂടിയ ആനന്ദം തളിര്‍ത്തു  .
ചുട്ടു പൊള്ളുന്ന മണല്‍പ്പരപ്പിലൂടെ ആഴ്ച്ചചന്ത എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കുഞ്ഞാപ്പ നടന്നു നീങ്ങുകയാണ് . പട്ടുകോണകം മുതല്‍ വാസനാപ്പൊകേല വരെയുള്ള സകലമാന സാധനങ്ങളും അയാളുടെ തലച്ചുമടില്‍ ഉണ്ട് . കാസരോഗി ആയതിനാലായിരിക്കാം പൊടിക്കാറ്റ് നെഞ്ചില്‍ കുടുക്കിയ ശ്വാസം നടത്തത്തിനിടയിലും ആയാസപ്പെട്ട്‌ അയാള്‍ വലിക്കുന്നത് കാണാം . കടുത്ത ചുവന്ന നിറത്തിലുള്ള കുപ്പിവളകളും അടിപ്പാവാടയും വാങ്ങാന്‍ തന്നെ കാത്തുനില്‍ക്കുന്ന തരുണികളുടെ വിയര്‍പ്പു കലര്‍ന്ന ഉപ്പുകാറ്റിനെ മനസ്സിലേക്ക് ആവാഹിച്ചു , പൂഴിയില്‍ ആണ്ടുപോകുന്ന കാലുകളെ പറിച്ചെടുത്ത് നടത്തത്തിനു വേഗത കൂട്ടാന്‍ അത് അയാളെ സഹായിച്ചു .
ഗാന്ധിപുരമെന്നോ അംബേദ്‌കര്‍ കൊളനിയെന്നോ സാധാരണ നിലയില്‍ പേരുവീണേക്കാവുന്ന പത്തു മുപ്പത്തിരണ്ട് കുടുംബങ്ങള്‍ കൂടിക്കഴിയുന്ന ഒരു പുറമ്പോക്ക് തെരുവ്. സിമന്റുകട്ടകളും പനമ്പും അലൂമിനിയം ഷീറ്റുകളും കൊണ്ട് കെട്ടുകയും മറയ്ക്കുകയും ചെയ്ത ആവാസ ഇടം . ശക്തമായി പെയ്യുന്ന മണല്‍കാറ്റ് അലൂമിനിയം ഷീറ്റില്‍ പതിച്ച് വലിയ വലിയ ശബ്ദങ്ങള്‍ വിസര്‍ജ്ജ്യം ചെയ്യുന്ന സ്വര്‍ഗ്ഗകുടീരങ്ങള്‍ . മുപ്പത്തിരണ്ട് കുടിലുകളിലായി കുഞ്ഞുകുട്ടികള്‍ മുതല്‍ കടല്‍ക്കിഴവന്മാര്‍ വരെ മൊത്തം നൂറ്റിനാല്‍പ്പത്തിയെട്ടു പേര്‍ ചേക്കേറിയ കമ്പുകള്‍ ഉണങ്ങിയ മരം . അവരുടെ കണ്ണീരോ ,  ലൈംഗിക ചോദനകളോ വസന്ത നഗറില്‍ കുളിര് പെയ്യിക്കുകയോ മഴ വര്‍ഷിക്കുകയോ ചെയ്തില്ല എന്നത് മണല്‍ക്കൂമ്പാരങ്ങള്‍ കണ്ടാലറിയാം .

കുഞ്ഞാപ്പ വസന്തനഗറിലെ കുടിലുകള്‍ക്ക് മുന്നില്‍ കണ്ട കാഴ്ച അയാളില്‍ ആദ്യം മനംപിരട്ടലുണ്ടാക്കി , തൊണ്ടയില്‍ വിരലിട്ട് , ഒക്കാനത്തെ , കൈകൊണ്ടു പൊത്തിപ്പിടിച്ച് അയാള്‍ തടഞ്ഞുനിര്‍ത്തി . വിഷ്ണുശര്‍മ്മനും ദേവദത്തനും വേലായുധനും വലിച്ചിഴച്ചു കൊണ്ടുവന്ന ചത്ത മൂരിയുടെ ( കാള) തോല് ഉരിഞ്ഞെടുക്കുവാനുള്ള ശ്രമത്തിലാണ് . മൂക്കിലൂടെ നുഴഞ്ഞു കയറിയ ദുര്‍ഗ്ഗന്ധത്തില്‍ നിന്നും രക്ഷ നേടാന്‍ സ്ഥലത്തെ ഏക കുഴല്‍ക്കിണറിനടുത്തേക്ക് കുഞ്ഞാപ്പ കാലുകള്‍ നീട്ടിവലിച്ചു . വാഴനാര് പോലെ നേര്‍ത്ത് വീഴുന്ന ജലത്തില്‍ അല്‍പ്പം ചിറി നനയ്ക്കാന്‍ കിട്ടുമോയെന്ന് ആഗ്രഹിച്ചു .
ദെച്ചുമി കുഞ്ഞാപ്പയെ തള്ളി വീഴ്ത്തി , നാരാണി കുടം കൊണ്ട് അയാളുടെ പുറത്തു തൊഴിച്ചു . പെണ്‍പട്ടാളത്തിനു മുന്നില്‍ കുഞ്ഞാപ്പു കുഴഞ്ഞു വീണു ,  തൊണ്ട വരണ്ടു, കണ്ണുകള്‍ മുന്നോട്ടേക്ക് തള്ളി ... കുടിക്കാനിത്തിരി വെള്ളം, നീട്ടിയ കൈകള്‍ താനേ താഴ്ന്നു . ഇതെല്ലാം കണ്ടു നിന്ന ജാനകിക്ക് ഉള്ളില്‍ അലിവു വന്നു , അതിലപ്പുറം ആ തലച്ചുമടില്‍ ഉണ്ടായേക്കാവുന്ന ചുവന്ന കുപ്പിവളകളെ അവള്‍ പ്രണയിച്ചു എന്നതാവാം അതിനു കാരണം , കൈകള്‍ ചേര്‍ത്തുകൂട്ടി അയാളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു , നിങ്ങേം മനുഷ്യരല്ലേ .. ഇങ്ങനെ മനുഷ്യപ്പറ്റില്ലാണ്ട് ഒരാളോട് പെരുമാറുന്നത് ശര്യാണോ ? ഒരു ലഘുപ്രസംഗം മറ്റുള്ളവരോടായി നടത്തി .
നടുവിന് കൈകൊടുത്തു കൊണ്ട് കുഞ്ഞാപ്പു മണല്‍ക്കൂനയില്‍ അമര്‍ന്നിരുന്നു , എന്നിട്ട് പറഞ്ഞു .. ന്നാലും ന്റെ പെങ്ങമ്മാരെ , ഒരിറക്ക് ദാഹജലത്തിനല്ല്യെ ന്നേ ഇങ്ങിനെ ..?
ദെച്ചുമിയുടെ ഉള്ളില്‍ തീ പൊകഞ്ഞു , കനലുകള്‍ ആളി . അരിശം പൂണ്ട് വെറുപ്പ്‌ വാക്കുകളായി നാക്കില്‍ നിന്നുമൊഴുകി . ഇതുപോലെ ഒരുത്തനാണ് പണ്ട് തലേച്ചുമടുമായി വന്ന് മൂപ്പനുമായി സേവ കൂടിയത് , കുടിയിലെ ആണുങ്ങള്‍ക്ക് കള്ളു കൊടുത്ത് , മോഹിപ്പിക്കുന്ന ഓരോന്ന് കാണിച്ച് നമ്മടെ കിണറു കൊണ്ടോയത് , മണ്ണു കൊണ്ടോയത് ,  . പത്തു മൂട് കപ്പയും നാല് പ്ലാവും ഉണ്ടായത് മതിയാരുന്നു  ആണ്ടോടാണ്ട് വിശപ്പ്‌ മാറ്റാന്‍ .. എല്ലാം ഓന്‍ കൊണ്ടോയി , എന്നിട്ടിപ്പോ ഈ കടല വറുക്കാന്‍ പാകമായ ചുട്ടുപൊള്ളുന്ന ഈ പൂഴി തന്നു , പിന്നെ കൊറേ പഞ്ചാരവാക്കും .
സ്വന്തമായി പട്ടയത്തോടുകൂടിയ മൂന്നുസെന്റ്‌ ഭൂമി , അതില്‍ കെട്ടുറപ്പുള്ള വീട് , കെട്ട്യോനും കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ആപ്പീസറു പണി . ഫൂ .. നാരാണി കാറിത്തുപ്പി .
തഞ്ചത്തില്‍ നിന്നോന്‍ കാര്യോം കൊണ്ട് പോയീ .. കുഞ്ഞാതി തലയില്‍ കൈവെച്ചു .

പുനരധിവാസം കൊണ്ട് എന്താ നഷ്ടോം ണ്ടായേ , പണ്ട് ഇതിലും കേമാരുന്നല്ലോ ജീവിതം .. ? ജാനകി കെറുവിച്ചു .
ഓന്റെ കെട്ടിലെ കുപ്പിവളേം ചാന്തും കണ്ടു ഓള് മയങ്ങി .. ദെച്ചുമി ജാനകിയെ നോക്കി ഒരാട്ടു കൊടുത്തു .
ദായ്ക്കുന്നു .., ഒരിറക്ക് വെള്ളം വേണംന്ന് പറഞ്ഞു കുപ്പീം കൊണ്ട് വന്നോന്‍ കൊണ്ടോയത് നമ്മടെ കെണറും മണ്ണുമാ . ഓന് കങ്കാണി പാടാന്‍ പിന്നെ കൊറേ ആളുകളും . മൂന്നരക്കൊല്ലം വെയിലും മഴേം കൊണ്ട് പട്ടിണി കെടന്നു സമരം .. , ആരെല്ലാരുന്നു അന്ന് കൂടെ കൂട്ട് കെടന്നത് ?
നമ്മ ഓട്ടു ചെയ്ത് കേറ്റിയ സര്‍ക്കാര് നമ്മള പറ്റിച്ചു , ഇടനിലക്കാരനും പിമ്പുമായി വന്ന മറ്റു ചെലരും ഒപ്പം കൂടി , നമ്മടെ ഇടയില്‍ നാലെണ്ണത്തിനെ അവരൊപ്പം കൂട്ടി .. പിന്നെ മധ്യസ്ഥായീ , കരാറായി . വസന്ത നഗറില്‍ മൂന്നുസെന്റ്‌ ഉദ്യാനം , നടുവില്‍ ഒരു കൊട്ടാരം . എഴുത്തറിയാത്ത മൂപ്പന്‍ ചുണ്ടൊപ്പുവെച്ചു . കുടുക്കേം കലോം പായീം ആയി വല്യ ലോറീല് അവര് ഈട ഇറക്കിവിട്ടു . റോഡീന്നു കൈചൂണ്ടി പറഞ്ഞു .. അതാ നിങ്ങടെ വസന്ത നഗര്‍ . ഇനിയുള്ള കാലം പൂക്കളിറുത്ത്  സന്തോഷത്തോടെ ജീവിക്കുക .ആകാശപ്പരപ്പില്‍ പറന്നകലുന്ന പക്ഷികള്‍ അവരെ കൂട്ട് വിളിച്ചു .
കുഞ്ഞാപ്പ ജാനകിയുടെ മുതുകില്‍ ചാരി എഴുന്നേറ്റു , പെണ്ണൊരുമ്പെട്ടവര്‍ പിടിച്ചുവെച്ച തലച്ചുമട് മറന്ന് അയാള്‍ വേച്ചുവേച്ചു നടന്നു . സഹായത്തിന് ജാനകിയും ഒപ്പം നടന്നു .
കുഞ്ഞാപ്പേ , നിങ്ങടെ ശെരിക്കും പേരെന്താ ? ദെച്ചുമിയുടെ ചോദ്യം കേട്ട് കൂടെ നിന്നവര്‍ ചിരിച്ചു , കുഞ്ഞാപ്പക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല .. ചോദ്യത്തിന്റെ മുന അപ്പോഴേക്കും അയാളുടെ നെഞ്ചില്‍ തറച്ചിരുന്നു. നാരാണിയുടെ  അരയിലെ വാക്കത്തിയുടെ മൂര്‍ച്ച കൂടുതല്‍ തിളങ്ങി .



ഞാന്‍ കുഞ്ഞാപ്പ , നിങ്ങക്ക് സാധനങ്ങള്‍ കൊണ്ടുത്തരുന്ന , അല്ല ..ആഴ് .. ആഴ്ച്ച ചന്ത , അയാളുടെ വാക്കുകള്‍ വിക്കായി നാക്കിലൂടെ ഇഴഞ്ഞു വീണു .
ആളൊഴിഞ്ഞ മലര്‍വാടി ബസ്സ്‌ കുഞ്ഞാപ്പയെയും ജാനകിയെയും കൊണ്ട് മടക്കയാത്രക്ക്‌ തിടുക്കം കൂട്ടി , ചെലമ്പിച്ച ഹോണ്‍ വസന്തനഗറിലെ കള്ളിചെടികളെ തഴുകി മണല്‍പ്പരപ്പിലൂടെ പരന്നൊഴുകി . പൂക്കള്‍ എന്ന് വിരിയിക്കുമെന്നു ഒരുറപ്പും കൊടുക്കാതെ പൊടിക്കാറ്റ് വസന്തനഗറിനെ വലയം ചെയ്തു . കാസരോഗിയുടെ ഏക്കംവിടലുകലുമായി മലര്‍വാടി അവരെയും കൊണ്ട് മുന്നോട്ടേക്ക് കുതിച്ചു .

കുഞ്ഞാപ്പ വരും , മറ്റൊരു തലച്ചുമടുമായി .. അതവര്‍ക്കറിയാമെങ്കിലും , വസന്തത്തിനു മുന്നാലെയുള്ള ശിശിരത്തിനായി മനസ്സ് കുളിര്‍ത്തു , എന്നെങ്കിലും പൂക്കുന്ന വസന്തത്തെ സ്വപ്നം കണ്ടു . ചോണനുറുമ്പിന്‍ കൂടുകള്‍ അകറ്റുന്ന ഗ്രഹണിയ്ക്കായി കാത്തുനിന്നു.

വസന്ത നഗറിലെ പെണ്ണുങ്ങള്‍ പടിയടച്ചു കുഞ്ഞാപ്പക്ക് പിണ്ഡം വെച്ചു , ദെച്ചുമിയും നാരാണിയും കുഞ്ഞാതിയും കണ്ണേറ്പാടി യാത്രചൊല്ലി  . കുഞ്ഞാപ്പയുടെ ഇനിയുമൊരു വരവിനെ തടഞ്ഞുനിര്‍ത്താന്‍ കണ്ണും കാതും കൊടുത്തു .
കുഞ്ഞാപ്പ വരും .. മറ്റൊരു തലച്ചുമടുമായി , അതവര്‍ക്കറിയാമെങ്കിലും ചോണനുറുമ്പിന്റെ നീറിന്‍കൊട്ടകള്‍ കൊണ്ട്  ഗ്രഹണി അകലുമെന്നു കരുതി . പൊടിക്കാറ്റു മാറി ചെടികള്‍ തളിര്‍ക്കുകയും പൂക്കള്‍ വിരിയുകയും ചെയ്യുമെന്നും അവര്‍ വിശ്വസിച്ച.
.................................................................................................................................................................................
ടി.സി.വി. സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ -- 670307
.............................
മൊബൈല്‍ : 9447685185
 

മണിക്കുട്ടിയുടെ എട്ടു പെണ്‍മക്കള്‍

മണിക്കുട്ടിയുടെ എട്ടു പെണ്‍മക്കള്‍
......................................................
കഥ ..
ടി.സി.വി.സതീശന്‍
..................................................................

ഒന്ന്

പൂച്ച പെറ്റു എന്ന് കേട്ടപ്പോള്‍ അടുക്കള ചായ് വിലേക്ക് ഞാനെന്റെ കണ്ണുകളെ പായിച്ചു ..നല്ല ഓമനത്തമുള്ള എട്ടു കുട്ടികള്‍ . എന്‍റെ സാന്നിധ്യം തള്ളപ്പൂച്ചയ്ക്ക് അത്ര ഇഷ്ടമായില്ലെന്നു വേണം കരുതാന്‍ , വലിയൊരു മുരളലോടെ അതെന്റെ നേര്‍ക്ക്‌ ചീറി . പതിച്ചു കിട്ടിയ കുടിയിരിപ്പാവകാശം പോലെ പൊളിച്ച അടക്ക കെട്ടിവെച്ച ചാക്ക് കഴിഞ്ഞ കുറേനാളുകളായി അവള്‍ സ്വന്തമാക്കിയിരുന്നു ,  അധിനിവേശ പ്രതിരോധക്കാരിയുടെ വീറും വാശിയുമായിരുന്നു അപ്പോള്‍ അവളുടെ തീപാറുന്ന കണ്ണുകള്‍ക്ക്‌  , കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ചാക്കില്‍ അമര്‍ത്തി മാന്തി, വലിയവായില്‍ തൊള്ള തുറന്നെന്നെ ഭീഷണിപ്പെടുത്തി .

മണികുട്ട്യേ,  നിനക്കാളെ മനസ്സിലായില്ലേ , ഇതെന്റെ കുട്ട്യോളുടെ അച്ഛനല്ലേ ? അകത്തു നിന്നും ഭാര്യ വിളിച്ചു കൂവി .

 കാലുകള്‍ ഒതുക്കി വെച്ച്‌ , ഒന്നൊതുങ്ങി , മണിക്കുട്ടി ചിണുങ്ങി , വലിയോരപരാധം ചെയ്തതു പോലെ, ദൈന്യതയോടെ എന്നെ നോക്കി ചിരിച്ചു .

ഓ .. സാരമില്ല എന്നമട്ടില്‍ ചുണ്ടുകളകത്തി ചെറുതായി ഞാനുമൊന്നു ചിരിച്ചു.

എട്ടു പെണ്‍കുട്ടികള്‍ , അവരുടെ വരും നാളുകള്‍ .. എന്റെ ചിന്തകളില്‍ പടര്‍ന്നത് ഭീതി വിതച്ച തീയായിരുന്നു . പ്രണയിച്ചും കലഹിച്ചും ഭയപ്പെടുത്തിയും അവര്‍ക്ക് പിന്നാലെ മണത്തും മണപ്പിച്ചും സദാനേരവും ചുറ്റുന്ന കണ്ടന്മാര്‍ .

അസ്വസ്ഥതകള്‍ പടര്‍ന്ന എന്റെ ചിന്തകളെ മണിക്കുട്ടി ഗ്രഹിച്ചെടുത്തുവെന്നുവേണം കരുതാന്‍ . സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് മക്കളെ ഓരോന്നിനെയായി നക്കിത്തുടച്ച് , ഇടയ്ക്കിടെ ഇറുകണ്ണുകളിട്ട് അവള്‍ ഒളിഞ്ഞും തെളിഞ്ഞും എന്നെ ഉഴിഞ്ഞു നോക്കി . ഒരു പദപ്രശ്നം പൂരിപ്പിച്ചു കിട്ടിയതിന്റെ ആഹ്ലാദത്താല്‍ മുഖം ചാക്കിലുരച്ച്‌, കഴുത്തു നീട്ടിയാട്ടി . ഒരുപാടുപദേശങ്ങള്‍ നല്കുവാനുണ്ടെന്ന മട്ടില്‍ കയ്യും കാലുമിട്ടിളക്കി അവളെന്നെ അടുത്തേക്ക്‌ വിളിച്ചു .

ശ്രുംഗരിച്ചു ശൃംഗരിച്ച് പൂച്ചേന്റെ കടീം വാങ്ങിച്ചു ഇങ്ങോട്ട് വാ  .. രസച്ചരട് മുറിച്ചു കൊണ്ട് അമര്‍ഷത്തില്‍ പൊതിഞ്ഞ ഭാര്യയുടെ മണിനാദം അകത്തു നിന്ന്.

അനുസരണയുടെയും അനുസരണക്കേടിന്റെയും രണ്ടു വഴികള്‍ .. പൂച്ചയും കുട്ടികളും കണ്ണിനെ പിടിച്ചു കെട്ടിയിരിക്കുന്നു , അടുക്കളയില്‍ വെന്ത പരിപ്പില്‍ ഊക്കോടെ തവിയിട്ടിളക്കുന്നതിന്റെ ശബ്ദം ഭീഷണിയായി കാതില്‍ വന്നണയുന്നു ..

ഇതിയാനെന്താ കാലത്തെ ഈ പൂച്ച പ്രേമം ? ഈ നേരത്ത് പിള്ളാരെ ഒരുക്കാന്‍ ഒന്ന് സഹായിച്ചു കൂടെ , ബാക്കിയുള്ളോള് ഈട കഷ്ടപ്പെടുന്നത് കാണുന്നില്ലേ ? വെന്ത പരിപ്പിന് കൂടുതല്‍ നൊന്തു കാണണം , ഉടഞ്ഞ പരിപ്പിന്റെ നിസ്സഹായാവസ്ഥയോര്‍ത്തു ഞാന്‍ മിണ്ടാതിരുന്നു .

പൂച്ചയെ വിട്ട്
ഞാന്‍ അടുക്കളയിലേക്കു നീങ്ങി . തഞ്ചത്തില്‍ ഭാര്യയുടെ അടുത്തു കൂടി , തവി വാങ്ങി താഴെ വെച്ചു , ഇനിയും ഉടച്ചു കഴിഞ്ഞാല്‍ പരിപ്പ് ചത്തു പോവ്വല്ലോടോ .. ഇത്തിരി നര്‍മ്മത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു ..
ചീനച്ചട്ടിയില്‍ കടുക് പൊട്ടുന്നത് പോലെ അവള്‍ മുറുമുറുത്തു , എന്റെ കൈ തട്ടി മാറ്റി .
പോയി , ആ പൂച്ചയ്ക്ക് കാപ്പിരുന്നോള് , ഇങ്ങയ്ക്ക് പറ്റ്യ പണി അതാ . അവളുടെ മുഖത്തു വലിയക്ഷരങ്ങളില്‍ തെളിഞ്ഞത് അതായിരുന്നു .

അടുക്കളയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ടു ഞാന്‍ ഉമ്മറത്തെ സോഫയില്‍ ചെരിഞ്ഞു . ഒരുപാട് നേരുമായി പത്രം രാവിലെ തന്നെയെത്തിരുന്നു . എട്ടുമണിയായിട്ടും അതൊന്നു തുറന്നു നോക്കിയിട്ടുപോലുമില്ല , ഇതിന്റെ പിന്നില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും ഉത്പാദിപ്പിക്കുവാനുമുളള കഷ്ടപ്പാടുകള്‍ , അതിരാവിലെ കുളിര് കൊണ്ട് അതിവിടെ എത്തിച്ചു തരുന്ന വിതരണക്കാരന്‍ പയ്യന്‍ .. ദൈന്യതയാര്‍ന്ന മുഖങ്ങള്‍ , അക്ഷന്തവ്യമായ അപരാധത്തില്‍ കുറ്റബോധം എന്നെ വേട്ടയാടി .

ഞാന്‍ പത്രം കയ്യിലെടുത്തു .. സ്കൂള്‍ ബസ്സ്‌ കൊല്ലിയിലേക്ക് മറിഞ്ഞു , പന്ത്രണ്ടു കുട്ടികള്‍ മരിച്ചു , പത്തുപേരുടെ നില അതീവ ഗുരുതരം . മുഖ പേജിലെ കറുത്ത പെട്ടിക്കകത്തെ വെളുത്ത അക്ഷരങ്ങള്‍ കണ്ണു നനയിച്ചു . വീട്ടമ്മയെ ബസ്സില്‍ പോലീസുകാരന്‍ മാനഭംഗപ്പെടുത്തി .. രണ്ടാമത്തെ വലിയ വാര്‍ത്ത .. അദ്ധ്യാപകന്‍ പീഡിപ്പിച്ച ബാലികയുടെ മൃതദേഹം സ്കൂള്‍ കിണറ്റില്‍ .. വായന തുടരാനായില്ല , പത്രം അടച്ചു  വെച്ചു , കണ്ണടയൂരി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരൊപ്പി . പത്രം വെറും കടലാസ്സായി , കോണു ചേര്‍ത്തു മടക്കി ഞാന്‍ തോണിയുണ്ടാക്കി കളിച്ചു , ഉള്ളിലെ നൊമ്പരത്തെ അങ്ങിനെ തീര്‍ത്തു .

അകത്തളത്തിലെ പയ്യാരം തീര്‍ന്നിരിക്കണം , അവള്‍ ചായയുമായി അടുത്തു കൂടി . നല്ല ചന്തമുള്ള പൂച്ചക്കുട്ടികള്‍ അല്ല്യേ .  ഞാന്‍ ഒന്നും മറുപടിയായി കൊടുത്തില്ല . ഒന്നു കൂടി ചേര്‍ന്നുനിന്നു ചുമലില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു അവള്‍ പറഞ്ഞു .. ഗൌരവം വിടൂ ന്റെ മാഷേ ..

ഇത്രയുമായപ്പോഴേക്കും എനിക്കും ചിരി വന്നു .. ചായ മോന്തി കൊണ്ട് ഞാന്‍ പറഞ്ഞു , നല്ല പൂച്ച കുട്ടികള്‍ , രണ്ടിനെ പെറ്റപ്പോഴേ നീയങ്ങു തളര്‍ന്നു . എട്ടിനെയും കൊണ്ട് മണിക്കുട്ടി ചിരിക്കുന്നത് കണ്ടില്ലേ ? ആ ദ്വയാര്‍ത്ഥ പ്രയോഗത്തെ അനുകൂലിച്ചോ വിയോജിച്ചോ എന്നറിയില്ല , തലകുലുക്കി അവള്‍ അകത്തേക്ക് പോയി .

  രണ്ട്


കിടപ്പുമുറിയില്‍ അല്‍പ്പം കൂടി ചേര്‍ന്നുകിടന്നുകൊണ്ട് അവള്‍ പറഞ്ഞു .. മണിക്കുട്ടിയുടെ മക്കളത്രയും പെങ്കുട്ടികളാണത്രേ .

എട്ടു പെണ്‍കുട്ടികള്‍ .. എന്റെ മനസ്സില്‍ ആധി പൂത്തു . ചുറ്റും മണത്തും മണപ്പിച്ചും എട്ടിലധികം കണ്ടന്‍പൂച്ചകള്‍ സദാനേരവും പ്രണയം നടിച്ചും സ്നേഹം നടിച്ചും അവയ്ക്ക് പിന്നില്‍ . ഏതു ചെറിയ വീഴ്ചയില്‍ പോലും തകര്‍ന്നുടയാവുന്ന  എട്ടു പളുങ്കുപാത്രങ്ങള്‍ .

എന്താ ഇത്ര ആലോചിക്കുന്നത് ? അവളുടെ കരങ്ങള്‍ എന്റെ മാറിനെ വരിഞ്ഞു മുറുക്കി .
സുന്ദരികളായ എട്ടു പെണ്‍കുട്ടികള്‍ , ചുറ്റും കണ്ടന്മാര്‍ . പെഴച്ചു പോകാതിരിക്കാന്‍ പെടാപ്പാടുപെടുന്നു . ഇരുളിനെ മായ്ക്കാന്‍ വരുന്ന പകലിനെയും പകലിനെ മറയ്ക്കുന്ന ഇരുളിനെയും ഒരുപോലെ ഭയക്കാന്‍ വിധിക്കപ്പെട്ടവര്‍ .

വാ തുറന്ന ദൈവം ഇരയും തരുമെന്നല്ലേ പ്രമാണം .. എന്റെ മൌനത്തെ മുറിക്കാന്‍ അവള്‍ അടുത്ത ആയുധമെടുത്തു .

ഇരകളായി എന്നും തുടരെണ്ടിവരുന്നവരുടെ സങ്കടം എങ്ങിനെ അവളെ പറഞ്ഞു മനസ്സിലാക്കും എന്നൊരു ധര്‍മ്മസങ്കടം എന്നെ വേട്ടയാടി . നമുക്കും രണ്ടു പെണ്‍മക്കളല്ലേ  ..  ബാല്യവും വാര്‍ദ്ധക്യവും ഏറെക്കുറെ സുരക്ഷിതമാണ് എന്നു വേണമെങ്കില്‍ കരുതാം ..കരുതാമെന്ന് മാത്രം , യൌവ്വനം ?

പുറത്തു ചീവിടുകള്‍ കരഞ്ഞു,കുറുനരികള്‍ ആര്‍ത്തട്ടഹസിച്ചു ,  . അസ്വസ്ഥമായ മനസ്സിനെ തണുപ്പിക്കാന്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാനവളെ ആലിംഗനം ചെയ്തു . മരവിപ്പിക്കുന്ന തണുപ്പിനെ അകറ്റാന്‍ അവളിലെ ചൂടിനെ കൊതിച്ചു .

വായില്‍ കടിച്ചു പിടിച്ച കുട്ടികള്‍ ഓരോന്നിനെയും കൊണ്ട് തട്ടിന്‍പുറത്തെ പുതിയ  താവളത്തിലേക്ക് മണിക്കുട്ടി നടന്നു . പൊളിച്ച അടക്ക സൂക്ഷിച്ച ചാക്കുകെട്ട് സുരക്ഷിതമല്ലെന്ന് അവള്‍ക്കു തോന്നിയിരിക്കണം . എട്ടു പെണ്‍കുട്ടികളും ഒരേ താളത്തില്‍ കരഞ്ഞു , അതു ഭീതിയുടേതായിരിക്കാന്‍ വഴിയില്ല , വിശപ്പിന്റെതാവണം .. കാരണം അവര്‍ കുട്ടികളല്ലേ ?

റേയ്സര്‍ താടിയിലെ കുറ്റിരോമങ്ങളെ വടിച്ചു കളഞ്ഞു , ചിന്തകള്‍ പാളത്തില്‍ നിന്നും വ്യതിചലിച്ച ഏതോ നിമിഷത്തില്‍ കുറ്റിരോമങ്ങള്‍ക്കൊപ്പം മുഖത്തെ നേരിയ ചര്‍മ്മത്തെയും അത് അടര്‍ത്തിയിരിക്കണം , ചെറിയ നീറ്റല്‍ അനുഭവപ്പെടുന്നു .. തോന്നലിനെ കണ്ണാടി സാക് ഷ്യപ്പെടുത്തി .. മുഖത്തു ചോര പൊടിഞ്ഞിരിക്കുന്നു , ഞാന്‍ തോര്‍ത്തുകൊണ്ട് മുഖം തുടച്ചു .

അച്ഛാ .. ഒന്ന് വേഗം ഡ്രസ്സ് അയേണ്‍ ചെയ്തു താ , ഇപ്പോള്‍ തന്നെ വൈകി . മൂത്ത മകള്‍ അകത്തു നിന്നും വിളിച്ചു കൂവി . രണ്ടാമത്തെയാള്‍ ഇപ്പോഴും പുതപ്പിനടിയിലാണ് , ഓട്ടോ വന്നു ഹോണടിക്കണം എങ്കിലേ അയാളുണരൂ , പിന്നെ അഞ്ചു മിനിട്ടിനകം എല്ലാം റെഡി .

അടുക്കളയില്‍ കലവും തവിയും ഭാര്യും തമ്മില്‍ സ്നേഹ സംഭാഷണങ്ങള്‍ നടക്കുന്നു. കായും പരിപ്പും അരിയും നേരത്തേ വെന്തു കാണണം , യുദ്ധങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും എത്രവേഗമാണ് , എനിക്കുള്ളില്‍ ചിരിയാണ് വന്നത് .

രണ്ടു ദിവസം കഴിഞ്ഞാല്‍ ശമ്പളം കിട്ടും , പിന്നെ ചിലവുകളുമായുള്ള മല്‍പ്പിടുത്തം . ജീവിതത്തില്‍ ഒരു കണക്കു പുസ്തകമെങ്കിലും സൂക്ഷിക്കണമെന്നുള്ള ഭാര്യയുടെ നിരന്തരമായ ആവശ്യത്തെ എന്റെ കാതുകള്‍ വകവെച്ചതേയില്ല . ശോഷിച്ച ചെറിയ സംഖ്യകളെ  പെരുപ്പിച്ച് വലിയ വലിയ കണക്കുകള്‍ ഉണ്ടാക്കുന്ന ഒരു ഗുമസ്തന് എന്തിനു മറ്റൊരു കണക്കുപുസ്തകം ?

അതിന്റെ പേരില്‍ ചില ചില്ലറ അടുക്കള സമരങ്ങളും കിടപ്പറ സഹനങ്ങളും ഉണ്ടാകാറുണ്ട് എന്നത് നിഷേധിക്കുന്നില്ല , എങ്കിലും  എന്റെ മറു ചോദ്യത്തെ ആകാവുന്ന അവജ്ഞയോടെ അവള്‍ തള്ളിക്കളയുകയാണ് പതിവ് .

വാടിയ പച്ചക്കറികള്‍ ആദായ വിലക്ക് കിട്ടുമോ എന്ന പ്രതീക്ഷയുമായി ചന്തയുടെ അങ്ങേയറ്റത്തുള്ള കടയിലേക്ക് ഞാന്‍ കയറി . സായാഹ്നത്തില്‍ വാടിയ ആ പച്ചക്കറികളെ പോലെ പ്രായം സായന്തനനങ്ങളുടെ  ചില ചുളിവുകള്‍ കടക്കാരനിലും വരുത്തിയിരുന്നു  . അമ്പത് രൂപയും കയ്യിലെ തുണി സഞ്ചിയും ഞാനയാള്‍ക്ക് നേരെ നീട്ടി , അയാളൊന്നും എന്നോട് ചോദിച്ചതുമില്ല ഞാനൊന്നും പറഞ്ഞതുമില്ല , കുറെ വട്ടികളില്‍ നിന്നായി കുറച്ചേറെ സാധനങ്ങള്‍ പെറുക്കി നിറച്ച സഞ്ചി എനിക്ക് തിരിച്ചു തന്നു അയാള്‍ ചിരിച്ചു , ഞാനും ചിരിച്ചു .

നാളെ എന്ത് കറി  വെക്കണം .. സാമ്പാറു വേണോ കാളന്‍ വേണോ ? തോരന്‍ എന്തായിരിക്കണം പാവയ്ക്കയാണോ , പയറാണോ , കാബെജാണോ ? തീരുമാനങ്ങള്‍ എഴുപതു കഴിഞ്ഞ ആ വയോ വാര്‍ധക്യത്തിന്റെതാണ് , എന്നേക്കാള്‍ ഒരുപാട് കൂടുതല്‍ തവണ ഓണമുണ്ട അയാളെ ഞാനെന്തിനു അവിശ്വസിക്കണം ? ഇല്ലെങ്കില്‍ തന്നെ എന്തു തീരുമാനങ്ങളാണ് നമ്മള്‍ എടുക്കുന്നത് .. ചിന്തകള്‍ അടുത്ത ചിരിയിലേക്ക്‌ വഴിയൊരുക്കി .

വലിയ മുരള്‍ച്ചയോടെ എന്റെ പഴയ ബജാജ് ചേതക് സ്കൂട്ടര്‍ വീടിന്റെ ചുമരോരം ചേര്‍ന്നു നിന്നു . തുരുമ്പെടുത്ത രണ്ടു എന്‍ജിനുകള്‍ വലിയവായില്‍ മുരളുന്നു , കഫക്കെട്ട് നിറഞ്ഞ പ്രായമായ രണ്ടു നെഞ്ചിന്‍കൂടുകള്‍.. വാതില്‍ തുറന്നു കൊണ്ട് ഇളയമകള്‍ അകത്തേക്ക് കമന്റെറിഞ്ഞു, ഉള്ളില്‍ മറ്റു രണ്ടുപേരും അതാസ്വദിച്ച്‌ ചിരിക്കുന്നു . എനിക്കും അതില്‍ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ ആ പഴയ സ്കൂട്ടറും അതുതന്നെ ചെയ്തിരിക്കണം .

മൂന്ന്


വെയിലുപരന്നപ്പോള്‍ മണിക്കുട്ടിക്കു ചൂടുകായാന്‍ തോന്നി . തട്ടിന്‍പുറത്തു  നിന്നും പിള്ളാരേം പെറുക്കി മുറ്റത്തേക്കിറങ്ങി . പൂച്ചപ്പട്ടാളം  വെയില് കായുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു . ഏറെനേരം ഞാന്‍ അതുതന്നെ നോക്കിനിന്നു . അതേയ് ഒരു സംശയം ണ്ട് , പൂച്ച താന്‍ പ്രസവിച്ച കുട്ടികളെ തിന്നുമോ ? ഭാര്യ അടുത്തുനിന്നും ചോദിച്ചു .

പിച്ച വെച്ചു കളിക്കുന്ന പൂച്ചക്കുട്ടികളില്‍ നിന്നും ഞാന്‍ കണ്ണു പറിച്ചെടുത്തു . തിന്നുമോ .. ? ഇതുവരെ കണ്ടിട്ടില്ല , പറഞ്ഞു കേട്ടതേയുള്ളൂ . വിട്ടൊഴിയാത്ത സമസ്യയുടെ പൂരണത്തിനായി  ഞാന്‍ വെയിലിനെ നോക്കി , വെയില് പകരുന്ന സൂര്യനെ നോക്കി .

അതിനടുത്ത ദിവസം കുട്ടികളില്‍ ഒന്നിനെ വായില്‍ കടിച്ചു പിടിച്ച് മണിക്കുട്ടി ഓടി മറയുന്നത്  കണ്ടു . ബാക്കി ഏഴെണ്ണത്തിന്റെ മുഖത്തും പരിഭ്രമം കലരുന്നതായി എനിക്ക് തോന്നി , നിര്‍ത്താതെയുള്ള നേര്‍ത്ത കരച്ചില്‍ അന്തരീക്ഷത്തില്‍ ദീനവിലാപമായി തീര്‍ന്നു .
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു മണിക്കുട്ടിക്ക് ഇപ്പോള്‍ അഞ്ചു മക്കളെ ഉള്ളൂ .. മൂന്നെണ്ണം മാഞ്ഞുപോയി ..

തട്ടിന്‍പുറത്തെ അവളുടെ വാസസ്ഥലം ഞാന്‍ ഒളിഞ്ഞു നോക്കി ... ഭാര്യ പറഞ്ഞത് ശരിയാണ് , മണിക്കുട്ടിയോടൊട്ടി അഞ്ചുമക്കള്‍ . പറാവുകാരനെ പോലെ ഒരു കണ്ടന്‍ അവള്‍ക്കു കൂട്ടിരിക്കുന്നു .

മണിക്കുട്ടി മനസ്സില്‍ നിന്നും തല്‍ക്കാലത്തേക്ക് മാഞ്ഞു , അത്യാവശ്യം മറ്റു ചില ദാര്‍ശനിക വ്യഥകളിലേക്ക് എന്‍റെ ചിന്തകള്‍ വ്യാപരിച്ചു .

ഒരു ദിവസം രാവിലെ ഇളയമകള്‍ വന്നുപറഞ്ഞു മണിക്കുട്ടിയും മക്കളും മിസ്സ്ട് ..

തീരോധനത്തെയോര്‍ത്തു ഭാര്യക്ക് സങ്കടം , മക്കള്‍ക്ക്‌ സങ്കടം , അവരുടെ കണ്ണുകളില്‍ നേര്‍ത്ത നനവ്‌ .. ഭാര്യ പറഞ്ഞു , വയ്യാ .. മുന്നാല് വര്‍ഷമായി അടുക്കളയില്‍ അവളെ മുട്ടിയുരുമ്മി നടന്ന മണിക്കുട്ടിയുടെ വേര്‍പാട് , പറഞ്ഞുതീരുന്നതിനുമുമ്പ് ഭാര്യ വിതുമ്പി .

തട്ടിക്കുടഞ്ഞെഴുന്നേറ്റു ഞാന്‍ കണ്ണട തപ്പിയെടുത്തു .. പത്രത്തിന്റെ താളുകള്‍ തിരിച്ചും മറിച്ചും നോക്കി , അപകടമരണത്തിന്റെ , അജ്ഞാത ജഡത്തിന്റെ  പേജുകള്‍ താണ്ടി , അമ്മയും അഞ്ചുമക്കളും ..ദാരുണ മരണത്തിന്റെ കറുത്ത അക്ഷരങ്ങള്‍ തെളിഞ്ഞു . സഹതപിക്കാനും അപലപിക്കാനും അധികം ആള്‍ക്കുട്ടമുണ്ടായില്ല . ആത്മഹത്യാണോ കൊലപാതകമാണോ എന്നു തര്‍ക്ക - വിതര്‍ക്കങ്ങള്‍ ഉണ്ടായില്ല .

ഇളയമകള്‍ മറ്റൊരു വാര്‍ത്തയിലേക്ക് വിരല്‍ ചൂണ്ടി .. എട്ടുപെറ്റ തള്ള കാമുകന്റെ കൂടെ ഒളിച്ചോടി .. അഞ്ചു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച നിലയില്‍ , റെയില്‍വേ ട്രാക്കില്‍ ശവങ്ങള്‍ കഴുകന്മാര്‍ കൊത്തിവലിക്കുന്നു .

സാക്ഷി മൊഴികളില്ലാതെ മൊഴിവിസ്താരങ്ങളില്ലാതെ വെയില് നേര് പറഞ്ഞു , സൂര്യന്‍ നേര് പറഞ്ഞു .. മണിക്കുട്ടിയുടെ എട്ടുമക്കളും ഇല്ലാതായി എന്ന് ഈ പകല്‍ സാക് ഷ്യപ്പെടുത്തുന്നു .
..............................
...................................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
..............................
.......മൊബൈല്‍ : 9447685185

Monday, October 1, 2012

ഹൃദയവുമായി വന്നവള്‍

ഹൃദയവുമായി വന്നവള്‍
......................................................................................

കഥ
ടി.സി.വി.സതീശന്‍
.............................................

കോളിംഗ് ബെല്ലിന്റെ മുഴക്കം കേട്ട് ഞാന്‍ വാതില്‍ തുറന്നു , സുന്ദരിയായ ഒരു ചെറുപ്പക്കാരി ഉപചാരവാക്കുകള്‍ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി , സമ്മതമാവശ്യമില്ലെന്നമട്ടില്‍ സ്വീകരണമുറിയിലെ കസേരയെടുത്തു അവള്‍ ഇരുന്നു . തന്റെ മുഴപ്പമുള്ള ശരീരാവയങ്ങള്‍ സിനിമാ കൊട്ടക പോലെ പ്രദര്‍ശിപ്പിച്ച് , ഇത്തിരി പ്രകോപനം ഒളിപ്പിച്ച കണ്ണുകളിലൂടെ അവള്‍ എന്നെ നോക്കി ചിരിച്ചു .

സാര്‍ , ഞാന്‍ സുനിതാ നാരായന്‍, .. കമ്പനിയുടെ സെയില്‍സ് പ്രൊമോട്ടര്‍ , ഇതുവരെ ആരും സമീപിക്കാത്ത ഒരു ഉള്‍പ്പന്നവുമായാണ് ഞാന്‍ വരുന്നത് , നല്ല ആക്സന്റോടെ അവള്‍ അതു പറഞ്ഞപ്പോള്‍ എന്റെ ആകാംക്ഷ കൂടി , എന്തായിരിക്കും ഈ സുന്ദരിക്കോത എനിക്കായി കരുതി വെച്ചിരിക്കുന്നത് ? കഴുത്തു നീട്ടി ഭാര്യ അകത്തില്ല എന്നുറപ്പ് വരുത്തിയ ശേഷം ഞാന്‍ അവളുടെ വാക്കുകള്‍ക്കായി കാതുകളെ ഒരുക്കി നിര്‍ത്തി .

നാരായന്‍ .. പറയൂ , കേള്‍ക്കാനെനിക്ക് ധ്രുതിയായി  , അവളുടെ മാറില്‍ തറഞ്ഞുനിന്ന എന്റെ കണ്ണുകളെ തിരിച്ചെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു . ഏതോ ഒരു നാരായണനില്‍ നാരായനിലേക്ക് വഴുതിപ്പോയ നഗരമുഖത്തില്‍ ഞാനാവേശം കൊണ്ടു.

ഹൃദയം .. ഹൃദയമാണ് സാര്‍ എല്ലാം , നല്ല ആരോഗ്യമുള്ള ഹൃദയമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം , മനോഹരമായ തുകല്‍ ബാഗില്‍ നിന്നും പോളിത്തീന്‍ സഞ്ചിയില്‍ പൊതിഞ്ഞ സാധനങ്ങള്‍ എടുത്തു അവള്‍ മേശപ്പുറത്ത്  വെച്ചു, അപ്പോഴേക്കും  അനുസരണയില്ലാത്ത കുട്ടിയെ പോലെ എന്റെ കണ്ണുകള്‍ വീണ്ടും അവളുടെ അയഞ്ഞ കുര്‍ത്തയിലേക്ക് തിരിച്ചുപോയി കഴിഞ്ഞിരുന്നു . മുഴുത്ത മാറിടം കണ്ണുകളെ ഭ്രമപ്പെടുത്തിരുന്നു എന്ന് പറയുന്നതാവാം കൂടുതല്‍ ശരി .

ങ്ങേ .. ഒരു ഞെട്ടലോടെ അവളെ നോക്കി . ഈയടുത്ത കാലത്ത് തനിക്കു ആന്‍ജിയോ പ്ലാസ്റ്റ് ചെയ്ത കാര്യം ഇവളെങ്ങിനെ അറിഞ്ഞു , മൂന്നറകളിലും തടസ്സങ്ങള്‍ ഉണ്ടായതുമൂലം ഞാനനുഭവിച്ച നെഞ്ചുവേദന ഇവളുടെ കാതില്‍ ആരാണ് പറഞ്ഞു കൊടുത്തത് , എന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു .

സാര്‍ , നിങ്ങള്‍ക്ക് നിങ്ങളുടെ ആയുസ്സ് തീരുമാനിക്കാം , ഞങ്ങളുടെ ഈ പ്രൊഡക്റ്റ് അതു സാധ്യമാക്കി തരും
ലോഞ്ചിംഗ് പിരിയഡായതിനാല്‍  കമ്പനിയുടെ വക ഓഫര്‍ നിലവിലുണ്ട് സാര്‍ , മുപ്പതു ശതമാനം ഡിസ്കൌണ്ടും പത്തു കൊല്ലാത്തെ വാറണ്ടിയും .. പത്തു കൊല്ലം നിങ്ങള്‍ക്ക് ക്ലേശരഹിതമായി  ജീവിക്കാം , അതിനിടയില്‍ ദൌര്‍ഭാഗ്യവശാല്‍ മോശപ്പെട്ടതെന്തെങ്കിലും സംഭവിച്ചാല്‍ പണം നിങ്ങളുടെ ഭാര്യക്ക് കമ്പനി തിരിച്ചു കൊടുക്കും , ഭാര്യയേയും മക്കളെയും അന്ന് നിങ്ങള്‍ക്ക് വിശ്വാമില്ല എങ്കില്‍ കമ്പനിയുടെ ഫ്രാഞ്ചൈസര്‍ സ്വര്‍ഗ്ഗത്തിലായാലും നരകത്തിലായാലും അവിടെ വന്നു നിങ്ങളുടെ നഷ്ടം സെറ്റില്‍ ചെയ്തു തരുന്നതായിരിക്കും .

സുഷിരങ്ങള്‍ തുളയിട്ട ഹൃദയ അറകള്‍ക്കു പകരം പുതിയ ഒന്ന് , ജീവിതത്തെ പിന്‍പറ്റിയുള്ള ചിന്തകള്‍ക്ക് പുതുനാമ്പുകള്‍ കിളിര്‍ത്തു . ജിജ്ഞാസ കലര്‍ന്ന ആഗ്രഹവുമായി ഞാനെന്റെ കഴുത്തു അല്പം കൂടി അടുത്തേക്ക്‌ നീക്കി കണ്ണുകളെ അവള്‍ക്കു വിട്ടു കൊടുത്തു .

ഇതില്‍  നാലുതരത്തിലുള്ള ഹൃദയം ഉണ്ട് .. പോളിത്തീന്‍ ബാഗ് തുറന്ന് ഒന്നൊന്നായി പുറത്തേക്കിട്ടു . രക്തം പുരണ്ട നാല് മാംസ കെട്ടുകളെ നോക്കി ഞാന്‍ പറഞ്ഞു .. ഇവ തമ്മില്‍ എന്തെല്ലാം അന്തരങ്ങള്‍ ആണുള്ളത് ? നാരായന്‍ ഒന്ന് വിവരിച്ചു തന്നാലും . അവളുടെ കണ്ണുകളിലെ , ചുണ്ടുകളിലെ ചടുല ചാരുത എന്നെ അത്ഭുതപ്പെടുത്തി .

വിളറി വെള്ള വെളിച്ചം കടന്നു പോയ മംസത്തുണ്ടമെടുത്തു അവള്‍ കിളിനാദത്തില്‍ മൊഴിഞ്ഞൂ .. 
സാര്‍ , ഇത് ഹൃദയാലുവാകുന്നതിനു,.. സാറിനു ഇനിയും പ്രണയിക്കണമെന്നുണ്ടോ ? അവള്‍ കണ്ണുകള്‍ ഇറുക്കി , പിങ്ക് വര്‍ണ്ണത്തിലുള്ള പൂക്കളെ കൊണ്ടു മനസ്സ് നിറച്ചു . അറിയാതെ എന്റെ കാല്‍വിരല്‍ സ്വീകരണമുറിയിലെ ഗ്രാനൈറ്റ് പതിച്ച നിലത്തു കേരളത്തിന്റെ ഭൂപടം വരച്ചു . ഹൃദയാലുവിന്റെ ഹൃദയം എന്റെ കൈവെള്ളയില്‍ വെച്ചുതരുമ്പോള്‍ അറിയാതെയെന്നോണം അവളുടെ വിരലുകള്‍ എന്റെ ഉള്ളംകയ്യില്‍  ചൊറിഞ്ഞു .

പിശുക്കനും കൂടുതല്‍കാലം ജീവിക്കുന്നയാളുമായി തീരണമോ സാറിന് , രണ്ടാമത്തെ ഹൃദയപ്പൊതി തുറന്നവള്‍ ചോദിച്ചു .
വില അല്‍പ്പം കൂടുതലാ , മാര്‍ക്കറ്റില്‍ ഇതിനാണ് കൂടുതല്‍ ഡിമാന്റ് . എന്റെ പിശുക്ക് .. അതും ഇവള്‍ അറിഞ്ഞു കഴിഞ്ഞോ , ഒരു ചെറു ചമ്മലില്‍ വിരിഞ്ഞ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് ഞാനകത്തേക്കു നോക്കി .. അടുക്കളയില്‍ ആളനക്കമില്ലെന്നു കണ്ടപ്പോള്‍  ഞാനവളുടെ നനുത്ത കൈകളില്‍ തടവി ആശ്വസിച്ചു . കടുത്ത വികാരങ്ങളെ കെട്ടിയിട്ട് , എപ്പോഴും പൊട്ടിപ്പോകാന്‍ ഇടയുള്ള ഈ ബലൂണിനു കാവലിരിക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ . ഡോക്ടര്‍ കൊടുത്ത ഉപാധികളുടെ ഏറ്റവും നല്ല സൂക്ഷിപ്പുകാരിയായിരുന്നു എന്‍റെ ഭാര്യ .

ഇത് മൂന്നാമത്തേത് .. മുരടിച്ച പാറക്കല്ല് പോലുള്ള ഒരു സാധനം മേശമേല്‍ വെച്ച് അവള്‍ തന്റെ കൈകള്‍ പിറകോട്ടു കെട്ടി.
പ്രണയമോ , ദീനാനുകമ്പയോ , പിശുക്കോ ഇല്ലാത്ത ഇവന്‍ കര്‍ക്കശക്കാരനാണ് , ഇവിടെ ഒറ്റ ശരിയെ ഉള്ളൂ , അതു അവന്റെ ശരികളാണ് .. അനുസരിപ്പിക്കാനും അധിനിവേശപ്പെടുത്താനുമുള്ള കഴിവ് അപാരമാണ് , ഇവന് മരണമില്ല . ഇത്രയും പറഞ്ഞപ്പോള്‍ അവള്‍ വിയര്‍ക്കുകയും കിതയ്ക്കുകയും ചെയ്തു . സ്വാന്തനിപ്പിക്കാനായി അവളെ ഞാന്‍ എന്റെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു. അല്‍പ നേരത്തേക്കെങ്കിലും അടുക്കള വാതിലിനു ഞാന്‍ സാക്ഷയിട്ടു . വസന്തനിലാവുകല്‍ക്കായി ശിശിരരാഗങ്ങള്‍ ഉള്ളില്‍ മഞ്ഞായി പെയ്തു.

സാര്‍ ഇതുകൂടി കേള്‍ക്കണം , ഒന്നുകുഴഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു .. 
പുറത്തു പാല്‍പ്പുഞ്ചിരിയൊഴുക്കുന്ന മുഖം , ഉള്ളില്‍ എത്ര കള്ളം വേണമെങ്കിലും ഒളിപ്പിച്ചു വെയ്ക്കാം . ലോകത്ത് ലഭിക്കാവുന്നതില്‍ ഏറ്റവും സോഫസ്റ്റിക്കേറ്റായത്, അയഞ്ഞ കുര്‍ത്തയുടെ മേല്‍ക്കുടുക്കഴിച്ചു അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചു . സാറിനു ഞാന്‍ സജസ്റ്റ് ചെയ്യുന്നത് ഇതാണ് , ഇത് വാങ്ങി ഉപയോഗിക്കൂ . ജീവിതം കേവല മരുന്നുകളില്‍ ഒതുക്കി നിര്‍ത്താതെ ആസ്വാദകരമാക്കൂ.

മേശപ്പുറത്തിരിക്കുന്ന നാല് ഹൃദയങ്ങള്‍ക്കും അപ്പുറം എന്റെ മനസ്സ് തുടിച്ചത്‌ അവളിലായിരുന്നു . അടുക്കളയില്‍ നിന്നും സ്വീകരണ മുറിയിലേക്കുള്ള വാതില്‍ ഞാന്‍ കൊട്ടിയടച്ചു .

നാരായന്‍ , നീ എന്നെ ഒരുപാട് ഇഷ്ടപ്പെടുത്തിയിരിക്കുന്നു .. അവളുടെ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി ഞാന്‍ പറഞ്ഞു . കവിളിലെ നുണക്കുഴികളില്‍ വിരലുകളമര്‍ത്തി. ശീതക്കാറ്റു വിതച്ച പുഞ്ച വയലില്‍ കുലച്ചുനില്‍ക്കുന്ന നെല്ക്കുതിരുകളെ പോലെ അവള്‍ നാണിച്ചു നിന്നു. നെഞ്ചിടിപ്പിന്റെ നേര്‍ത്ത താളം മയില്‍‌പ്പീലി ചിറകുകളായി വിടര്‍ന്നു .


മാറിലെ കൊഴിഞ്ഞു വീഴാറായ എന്റെ രോമങ്ങളെ വിരലുകള്‍ കൊണ്ടവള്‍ ഉഴുതുമറിച്ചു .. നാലാമത്തെ ആ ഹൃദയം മതീ സാറിന് ?
സ്വീകരണമുറിയുടെ വിശാലതയില്‍ അവളുടെ നിമ്നോന്നതങ്ങളില്‍ ചുണ്ടുകളുരസി ഞാന്‍ ആ നെഞ്ചിനെ ചൂണ്ടി പറഞ്ഞു .. എനിക്കിതുമതി . അഴിഞ്ഞുവീണ കുര്‍ത്ത സോഫയിലിരുന്ന് അതു രസിച്ചു . അടുക്കളയില്‍ വറുത്ത മീന്‍ പൊരിയുന്നതു വരെ അവളെ ചേര്‍ത്തു മാര്‍ദ്ധവമുള്ളതും ആരോഗ്യവതിയുമായ ആ ഹൃദയുമായി ഞാന്‍ സംവദിച്ചു .

അലമാര തുറന്നു ഒരു ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടു ഞാനവള്‍ക്ക് കൊടുത്തു. , നനുത്ത് മൃദുവാര്‍ന്ന അവളുടെ കരങ്ങളില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു ,  കള്ളങ്ങള്‍ ഇനിയുമൊരുപാടുണ്ട് ഒളിപ്പിച്ചുവെയ്ക്കാനായി , നാലാമത്തെ .. നാലാമത്തെ ആ ഹൃദയം മതി എനിക്ക് .

പുഞ്ചിരിച്ചു കൊണ്ട് അവള്‍ തുകല്‍ ബാഗ് മടക്കി വെച്ച്‌ നന്ദിയോടെ യാത്ര പറഞ്ഞു .

അടുക്കള വാതില്‍ തള്ളിത്തുറന്നു ഭാര്യ വിളിച്ചു .. ഊണ് കാലമായി , നേരത്തിനു ഭക്ഷണം കഴിക്കണം , ഗുളികകള്‍ ഒരുപാട് തിന്നുവാനുള്ളതാ , ആ ഓര്‍മ്മപ്പെടുത്തലില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നോ , ഞാന്‍ സംശയിച്ചു .
അടുക്കളയിലെ നനഞ്ഞ വിറകുകള്‍ പുകയിച്ചു കണ്ണുകള്‍ കലങ്ങിയതായിരിക്കണം എന്ന് സമാധാനിച്ചു , ഊണ്‍ മേശയ്ക്കുമുന്നില്‍ സ്വാദിഷ്ടമായ അടുത്ത ഭക്ഷണത്തിനായി ഞാന്‍ കാത്തിരുന്നു .

.................................................................................................................................................................

Friday, September 28, 2012

ആദമിന്റെ പരീക്ഷണ ലാബിലെ പെണ്ണെലികള്‍

ആദമിന്റെ പരീക്ഷണ ലാബിലെ പെണ്ണെലികള്‍
...........................................................................
ടി.സി.വി.സതീശന്‍

ആദമിന്റെ പരീക്ഷണ ലാബില്‍ ശാസ്ത്രത്തിന്റെ പുതിയ ഗര്‍ഭം ധരിച്ച സുന്ദരികളായ വെള്ളെലികള്‍ നോവുനീറും വേദനയാല്‍ വിറളികൊണ്ട് തലങ്ങും വിലങ്ങും ഓടുകയാണ് . അവിഹിതമായെതെന്തോ ചെയ്തുവെന്ന കുറ്റബോധം, പുളയുന്ന വേദനകള്‍ക്കിടയിലും ആ മുഖങ്ങളില്‍ ജാള്യതയായി നിഴലിച്ചിരുന്നു. പെണ്ണെലികളെ നോക്കി ലാബിലെ കടല്‍ക്കിഴവന്മാരായ ശാസ്ത്രഞ്ജര്‍ തങ്ങളുടെ സഹായികളായ യുവതികളുമായി അശ്ലീലം കലര്‍ന്ന നര്‍മ്മഭാഷണങ്ങളില്‍ മുഴുകി രസിക്കുകയാണ് . അവരുടെ ശരീരത്തില്‍ തൊട്ടും തൊടാതെയും ആനന്ദം കണ്ടെത്തുകയാണ് .

ദിവ്യ ഗര്‍ഭത്തിന്റെ പൊരുള് തേടിയ പെണ്ണെലികളോട് ആദമോ കൂട്ടുകാരോ ഉള്ളുതുറന്നൊന്നും പറഞ്ഞില്ല , അവരുടെ മുഖത്ത് ഘനീഭവിച്ച ഇരുള് , നാളെ വരാനിരിക്കുന്ന വലിയേതോ സൂര്യന് വേണ്ടിയാണ് എന്നമട്ടില്‍ വ്യംഗ്യ ചലനങ്ങള്‍ കൊണ്ട് നിറച്ചു . ത്യാഗത്തെ കുറിച്ചുള്ള വാക്കുകള്‍ മൌനത്തില്‍ തീര്‍ത്തു .

വെപ്രാളപ്പെട്ടു പായുന്ന വെള്ളെലികളില്‍ ഒരെണ്ണത്തിനെ കയ്യിലെടുത്ത് , വീര്‍ത്തു വരുന്ന അതിന്റെ അടിവയറില്‍ തലോടിക്കൊണ്ട് ആദം പറഞ്ഞു, മോളേ, സഹിക്കുക , നിന്റെയീ വേദനകള്‍  നാളെ ഉണ്ടാകാവുന്ന മനുഷ്യകുലത്തിന്റെ ഉന്നതിയിലെ  പാദുകകല്ലാണെന്ന് കരുതി അഭിമാനിക്കുക. സുന്ദരിയായ അവളോട്‌ ദിനാനുസാരിയായ ഒരു അനുകമ്പ അയാള്‍ക്കുണ്ടായിരുന്നു, ആരും കേള്‍ക്കാതെ അയാള്‍ അവളെ ഹവ്വ എന്ന് പേരു ചൊല്ലിവിളിച്ചു. കടിച്ചുകീറുന്ന വേദനക്കിടയിലും ആദമിന്റെ കരങ്ങളുടെ മൃദുല കാന്തികതയില്‍ അല്‍പ്പ നേരത്തേക്കെങ്കിലും അവളാശ്വാസം കൊണ്ടു. പെണ്ണെലികള്‍ എന്നും പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണമാണെന്ന് കര്‍ത്താവ് കരുതിയിരിക്കുമെന്നു സമാശ്വസിച്ചു .

മുനയൊടിഞ്ഞ സിറിഞ്ച് സൂചികള്‍ നോക്കി മരിയ മറാണ്ട എന്ന കാപ്പിരി പെണ്ണ് ശാസ്ത്രജ്ഞന്മാരുടെ കണ്ണുവെട്ടിച്ചു സ്ത്രീ സഹജമായ വികാരത്താല്‍ കരഞ്ഞു , വിടര്‍ന്ന അവളുടെ കാപ്പിരി ചുണ്ടുകളിലൂടെ സങ്കടം തുപ്പലുകളായി കനിഞ്ഞിറങ്ങി . വൈറ്റ് ഏപ്രോണിന്റെ പോക്കറ്റില്‍ കിടന്ന തുവാലയെടുത്ത് അവള്‍ കണ്ണുകളും മുഖവും ചിറിയും തുടച്ചു . പെണ്ണെലികളെ നോക്കി തുപ്പലിറക്കുന്ന കടല്‍ക്കിഴവന്മാര്‍ ചുട്ടുപോകട്ടെ എന്ന് ശപിച്ചു .

ആര്‍ത്തവം നിലച്ച , പരീക്ഷണത്തിന്റെ വക്കും മൂലയും ഒടിഞ്ഞ നീണ്ട ദിവസങ്ങള്‍ കണക്കുപുസ്തകത്തില്‍ കുറിച്ചുകൊണ്ട് ആദം പറഞ്ഞു , നല്ല പുരോഗതിയുണ്ട് . നെറ്റിയിലെ പുരികങ്ങള്‍ ചുളിക്കാതെ , ഇട്ടിരുന്ന വസ്ത്രങ്ങളില്‍ ചുളിവുവീഴാതെ സഹ ശാസ്ത്രജ്ഞര്‍ തലയാട്ടി അതു ശരിവെച്ചു . വെള്ളെഴുത്ത് കണ്ണടകളുടെ  സഹായത്താല്‍ കൂട്ടെഴുത്തുകള്‍ എളുപ്പത്തില്‍ വായിച്ചെടുത്തു . എപ്രോണിന്റെ പോക്കറ്റില്‍ കിടന്ന ചോക്ക്ലേറ്റുകളെടുത്തു കൂടിനിന്ന പെണ്ണുങ്ങള്‍ക്ക്‌ കൊടുത്തു , അവരത് നൊട്ടി നുണയുന്നത് കണ്ടു സന്തോഷിച്ചു .

മരിയ മറാണ്ടയുടെ കാപ്പിരിചിന്തകളില്‍ കറുത്ത പുക കലര്‍ന്നു , ആദമിന്റെ പരീക്ഷണം വിജയിച്ചാല്‍ , ലോകത്തുള്ള സകലമാന പെണ്ണുങ്ങളെയും  അതു കൂടുതല്‍ സങ്കടത്തിലാക്കും , പുരുഷന്റെ ചുഴിഞ്ഞ ഒരു നോട്ടം കൊണ്ട് പെണ്ണുങ്ങള്‍ ഗര്‍ഭവതികളാകുകയോ ? അനുവദിച്ചുകൂടാ , പെണ്ണെലികളുടെ ഗര്‍ഭം എങ്ങിനെയെങ്കിലും അലസിപ്പിക്കണം, ആ വഴിയില്‍ അവള്‍ ചിന്തിച്ചു .

അത്തിയിലകള്‍ കൂട്ടിപ്പെറുക്കി  തയ്ച്ചെടുത്ത അരയാടയുടുത്തു ഹവ്വ നാണം മറച്ചു , ആദമിന്റെ  നഗ്നതെയെ ചൂണ്ടി കളിയാക്കി . ആകാശത്തു സൂര്യനെയും നക്ഷത്രങ്ങളെയും , ഭൂമിയില്‍ മണ്ണിനെയും മരങ്ങളെയും പുഴകളെയും സൃഷിച്ച ദൈവം  പാപങ്ങളെയും സൃഷിച്ചതില്‍ അവള്‍ ആകുലപ്പെട്ടു . കായ്കളും കിളികളും കൂട്ടിനുണ്ടായിട്ടും ഏകനായി തീര്‍ന്ന ആദമിന് കൂട്ടിരിക്കാന്‍ അവന്റെ വാരിയെല്ലെടുത്തു കര്‍ത്താവ് എന്നെ സൃഷ്ടിച്ചു , വിലക്കപ്പെട്ട കനികള്‍ തിന്നാതിരിക്കാന്‍ വെള്ളെലികളോട് അവള്‍ അപേക്ഷിച്ചു . ചുഴിഞ്ഞ കണ്ണുകളിലെ ആര്‍ത്തിപൂണ്ട നോട്ടം കൊണ്ട് അവിവാഹിതരായ അമ്മമാരാകാന്‍ വിധിക്കപ്പെടാതെ നോക്കാന്‍ അവരെ ഉപദേശിച്ചു .

ആദമിന്റെ പരീക്ഷണം അതിന്റെ വിജയത്തിലേക്കെത്താന്‍ ഇനി അധിക നാളുകള്‍ വേണ്ട , വീര്‍ത്ത വയറുമായി പെണ്ണെലികള്‍ ആധിപൂണ്ടു . മരിയാ മറാണ്ടയുടെ തല ആഴത്തില്‍ പുകഞ്ഞു .
പച്ച പപ്പായ ഗര്‍ഭമലസിപ്പിക്കുന്നതിനായി പണ്ടുകാലങ്ങളിലെ നാട്ടുപ്പെണ്ണുങ്ങള്‍ ഉപയോഗിച്ചിരുന്നതായി കേട്ടറിവുണ്ട് എന്നവള്‍ തന്റെ സുഹൃത്തും പാതി മലയാളിയുമായ അലിന്‍ഡാ ജോസഫിനോട് പറഞ്ഞു , അലിന്‍ഡാ മലയാളത്തിലും ജര്‍മ്മനിയിലുമായി കഴുത്തിലാടുന്ന കോന്തയെ ചുംബിച്ചു , നല്ല ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ സ്തോസ്ത്രം  ചൊല്ലി .

തവിട്ടു നിറമാര്‍ന്ന ഹവ്വയുടെ കൂര്‍ത്ത ചുണ്ടുകളില്‍ ആദം മുഖമുരസി ചുംബനങ്ങള്‍ തീര്‍ത്തു , നനുത്ത രോമങ്ങളില്‍ താടിയമര്‍ത്തി അവളെ ഇക്കിളിപ്പെടുത്തി . ഇതുകണ്ട പരീക്ഷണശാലയിലെ മറ്റെലികള്‍ അസഹ്യത കാട്ടി , തങ്ങളുടെ നീരസം ഉള്ളിലൊതുക്കി , മറ്റു എലികളുടെ വാലില്‍ ചൊറിഞ്ഞു .
വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ ഓരോ ആണിന്റെയും നോട്ടം കാമത്തിന്റെ ആര്‍ത്തിയില്‍ പൊതിഞ്ഞിരിക്കുന്നു , ദഹിപ്പിക്കുന്നതും ആശിപ്പിക്കുന്നതുമായ അവന്റെ നോട്ടത്തിലെ കാന്തിക - വൈദ്യുതോര്‍ജ്ജ പ്രവാഹം , അതു സ്ത്രീകളില്‍ , അവരുടെ ശരീരത്തില്‍ ഉണ്ടാക്കിയേക്കാവുന്ന വ്യതിയാനങ്ങള്‍ , ഇതൊക്കെയായിരുന്നു ആദമിന്റെ മനസ്സിനെ അലട്ടിയത് ,ആസുരകാലത്ത് കണ്ട മനുഷ്യരുടെ ചില ചൊറിച്ചിലുകള്‍ മാധ്യമ ശ്രദ്ധ നേടിയതില്‍ നിന്നുമാണ് ആദം ഈ ആശയം കടം കൊണ്ടത് , ചിലരുടെ ചുഴിഞ്ഞ നോട്ടങ്ങള്‍ ഭയപ്പെടുത്തുന്നവയും മയപ്പെടുത്തുന്നവയും ആയിരുന്നു . കണ്ണുകള്‍ കൈമാറിയത് പലപ്പോഴും കിടപ്പറയിലെ രതിയായിരുന്നു . ബീജ കൈമാറ്റം കണ്ണുകളിലൂടെ എങ്ങിനെ സാധ്യമാകുന്നുവെന്ന തലതെറിച്ച ആശയത്തെ പരീക്ഷണ ലാബിലേക്ക് ആനയിക്കുകയായിരുന്നു അയാള്‍ ചെയ്തത് .

പെണ്ണെലികളെ .. സുന്ദരികളായ വെള്ളെലികളെ സൌമ്യരായി നിങ്ങള്‍ സഹകരിക്കുക , മാറ്റത്തിന്റെ ചുവരുകളില്‍ ഓരോ ഇഷ്ടികകള്‍ പെറുക്കി വെയ്ക്കുക .

പോക്കറ്റിലൊളിപ്പിച്ചു വെച്ച , ചെറുതായി ചുരണ്ടിയ പച്ചപപ്പായയുടെ കഷണങ്ങള്‍ ആരും കാണാതെ വയറുവീര്‍ത്ത , സുന്ദരികളായ , വെളുത്ത പെണ്ണെലികള്‍ക്ക് ഭക്ഷിക്കാനായി അവള്‍ കൊടുത്തു . ചുഴിഞ്ഞ നോട്ടങ്ങളിലെ അനാഥ ഗര്‍ഭം അലസിപ്പോയ വെള്ളെലികള്‍  തുള്ളിച്ചാടി നടക്കുന്നതായി മരിയ മറാണ്ട സ്വപ്നം കണ്ടു .

അധികാരം തലയെടുപ്പായി കരുതി അഹങ്കരിക്കുന്ന പുരുഷപ്രജകളെ.. നിങ്ങളുടെ നാഥന്‍ ആദം അടിപതറിയിക്കുന്നു, കാപ്പിരിച്ചുണ്ടുകള്‍ പിളര്‍ന്നു മറിയയുടെ തൊണ്ടയില്‍ നിന്നും വാക്കുകള്‍ ഗര്‍ജ്ജിച്ചു . 
..............................................................................................................................................................................

Tuesday, September 18, 2012

അവസ്ഥാന്തരം

അവസ്ഥാന്തരം
................................
കഥ
ടി.സി.വി.സതീശന്‍


കനം കുറഞ്ഞ മടിശ്ശീലയില്‍ വിരലുകളമര്‍ത്തികൊണ്ട് അയാള്‍ ഒരു നിമിഷം ഇരുന്നു . തുഴ നഷ്ടപ്പെട്ട് കാണാക്കയത്തില്‍ അകപ്പെട്ടവന്റെ നൊമ്പരം , കത്തിയെരിയുന്ന ജീവിതത്തിനു മുന്നിലെ നീണ്ട പകപ്പ് .. തന്റെ കെട്ട ജീവിതത്തില്‍ അയാള്‍ക്ക്‌ മനസ്താപമുണ്ട് .
ഒരു ലാര്‍ജ്ജു കൂടി .. അയാള്‍ ബെയററോട് ആവശ്യപ്പെട്ടു .
കത്തിയെരിഞ്ഞ സിഗറിന്റെ ചാരം മുന്നിലെ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക്‌ തട്ടി . അകലങ്ങളിലേക്ക് പ്രകാശം പരത്തുവാന്‍ കഴിയാത്തതിന്റെ ആത്മപീഡ അനുഭവിക്കുന്ന മെഴുകുതിരി മുന്നില്‍ സ്വയമുരുകി ഇല്ലാതാവുന്നു . പുകച്ചുരുളുകള്‍ വൃത്തങ്ങളും ഗോളങ്ങളുമായി തീരുന്നു , പിന്നീടതൊന്നുമല്ലാതെ വായുവില്‍ അലിഞ്ഞില്ലാതാകുന്നു .
ഓര്‍ത്തുവെയ്ക്കേണ്ടതോ  കൊട്ടിഘോഷിക്കേണ്ടതോ ആയ ഒരു ബാല്യമോ കൌമാരമോ അയാള്‍ക്കില്ലായിരുന്നു . സാധാരണ ചുറ്റുപാടുകളില്‍ വളരെ സാധാരണം മാത്രമായ ഒരു ജീവിതചക്രം . പകലുകളില്‍ സൂര്യനുദിക്കുകയും രാത്രികളില്‍ ഇരുള് പടരുകയും ചെയ്യുന്ന സ്വാഭാവികത നിറഞ്ഞ ജീവിതം . വിശാലമായ തൊടിയില്‍ ഒരു തൊട്ടാവാടിയായി സ്വയം ഉള്‍വലിഞ്ഞു , ഏകാന്തതയുടെ പുറന്തോടുകള്‍ക്കുള്ളില്‍ തേഞ്ഞു പോയ ഒരു കുറ്റിപ്പെന്‍സില്‍ . പിന്നിപ്പോയ ഷര്‍ട്ടിന്റെ അടര്‍ന്നുവീണ ബട്ടനുകള്‍ക്കുള്ളില്‍ ഉടക്കിനിന്ന ബാല്യത്തെ കുറിച്ച് എന്ത് ഓര്‍ത്തുവെയ്ക്കാനാ .. പ്രണയവര്‍ണ്ണങ്ങളില്‍ തീര്‍ത്ത ഒരു യൌവ്വനമായിരുന്നില്ല അയാളുടേത് , ആര്‍ത്തിയുടെ കണ്ണുകള്‍ പുസ്തകത്തെ തേടി നടന്നു . അതുകൊണ്ടുതന്നെ അയാളുടെ കാമനകള്‍ക്ക്‌ നിറം കൊടുത്തത് പുസ്തകങ്ങളായിരുന്നു . പ്രണയവും ഭോഗവും വായനയുടെ പരന്ന കടല്‍ പുറങ്ങളായി , അയാളുടെ ആകാശത്ത്‌ നക്ഷത്രങ്ങള്‍ പൂക്കാന്‍ മടിച്ചു നിന്നു.
മദ്യം രക്തത്തില്‍ കലര്‍ന്നു , സിരകള്‍ വഴി തലച്ചോറിനെ കീഴടക്കി . കാമുവും കാഫ്കയും മായാത്ത ചിത്രങ്ങളായി മനസ്സില്‍ തെളിഞ്ഞു . എന്തോ ഒരു അസ്വസ്തത തലയ്ക്കകത്തു പുകഞ്ഞു , തന്റെ ചെവികള്‍ക്ക് നീളം വെയ്ക്കുന്നതായി തോന്നി . നീണ്ട കഴുതച്ചെവികള്‍ക്കിടയില്‍ പ്രയാസപ്പെട്ടു നില്‍ക്കുന്ന ചെറിയ തല , അസ്വസ്തതകള്‍ക്കിടയിലും കൌതുകം കലര്‍ന്ന ജിഞ്ജാസ അയാളില്‍ ഉടലെടുത്തു . കുതിരകളുടെ വംശാവലിയില്‍ പെട്ട കഴുതകളോട് ഒരു മൃദുസമീപനം പണ്ടുതൊട്ടേ അയാളില്‍ ഉണ്ടായിരുന്നു എന്നതാവാം അതിനു കാരണമായത്‌ . ചെസ്സ് പലകയിലെ അടഞ്ഞ സഞ്ചാരത്തിലെ കുതിരകള്‍ ശാപമേറ്റുവാങ്ങി കഴുതകളായി തീര്‍ന്നതാണോ എന്നൊരു സന്ദേഹം അയാളില്‍ ബലപ്പെട്ടിരുന്നു. പാളിപ്പോയ പ്രതിരോധത്തിന്റെ പിന്നിലെ നിസ്സംഗതയായിരിക്കണം  ഒരുപക്ഷെ കഴുതകളുടെ മുഖത്തു കാണുന്ന നിത്യദൈന്യതയ്ക്ക് കാരണമെന്ന് അയാള്‍ വിശ്വസിച്ചു . ചരിത്രത്തിന്റെ നാള്‍വഴികളില്‍ എന്നും കഴുതയുണ്ടായിരുന്നു , ദശാസന്ധികളില്‍ പടുത്തുയര്‍ത്തപ്പെട്ട സാമ്രാജ്യങ്ങളുടെ അസ്ഥിവാരങ്ങളില്‍ കഴുതകളുടെ വിയര്‍പ്പും കണ്ണീരുമുണ്ടായിരുന്നു . യജമാനരുടെ ഇംഗിതത്തിനനുസരിച്ചു വര്‍ത്തിക്കുന്ന ആജ്ഞാനുസാരികളായ കഴുതകളില്‍ അയാളുടെ ചിന്ത മുറിഞ്ഞു .
തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്രാജ്യത്തില്‍ ജനിച്ച്  ചെക്ക് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ ജര്‍മ്മന്‍ സംസാരിക്കുന്നവനായും ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദനും , സ്വാര്‍ത്ഥനും സ്വെചാധിപതിയുമായ പിതാവ് അടക്കിവാണിരുന്ന കുടുംബത്തില്‍ ഏകാകിയുമായി ജീവിച്ച കാഫ്ക , കാഫ്കയുടെ വലിയ ചെവികള്‍ ഇവ മനസ്സിലെ ചിത്രങ്ങളായി നിലനിന്നു.
മെറ്റമോര്‍ഫോസിസ്സിലെ ഗ്രിഗര്‍ സാംസയെ പോലെ ജീവിതത്തില്‍ അയാളും ഒരു സെയില്‍സ് റെപ്രസന്റെറ്റീവ് ആയിരുന്നു. അമുക്കുരുവും ജാതിപത്രയും നായ്ക്കുരുണയും അറിയാത്ത മറ്റുപല ചേരുവകളും ചേര്‍ത്തുണ്ടാക്കിയ ലേപനം , അതായിരുന്നു വില്‍ക്കാനായി അയാളുടെ കമ്പനി അയാളെ ഏല്‍പ്പിച്ചിരുന്നത്‌ . ചുക്കിചുളിഞ്ഞ് ഒതുങ്ങിയ  തങ്ങളുടെ ലിംഗങ്ങളില്‍ ലേപനം പുരട്ടി പോയ യൌവ്വനം തിരിച്ചുപിടിക്കാന്‍ ബദ്ധപ്പെടുന്ന നരബാധിച്ച വാര്‍ദ്ധക്യങ്ങള്‍ , കാമലീലകളില്‍ ചത്തുവീഴുന്ന അവരുടെ ലിംഗങ്ങള്‍ അയാളില്‍ വെറുപ്പുണ്ടാക്കി , അതിന്റെ നിരര്‍ത്ഥകതയോര്‍ത്തു ഉള്ളില്‍ ചിരിച്ചു .
തന്റെ ചെവികള്‍ക്ക് പിന്നെയും നീളം വെയ്ക്കുന്നതായി അയാളറിഞ്ഞു , ആധിയും ആര്‍ത്തിയും പൂണ്ട വലിയ തലയേക്കാള്‍ നീണ്ട ചെവികളെ അയാള്‍ ഇഷ്ടപ്പെട്ടു . ബാറില്‍ പരന്നു പടര്‍ന്ന കുന്തിരിക്കത്തിന്റെ പുകയില്‍ മരണത്തിന്റെ മുഖം അയാള്‍ ദര്‍ശിച്ചു , പുകയുന്ന കുന്തിരിക്കത്തിന് മരണത്തിന്റെ മണമാണ് എന്നും എന്നയാള്‍ വിശ്വസിച്ചുപോന്നിരുന്നു, പുകഞ്ഞു തീരുന്ന പച്ചമാംസത്തിന്റെ മണം മൂക്ക് വിടര്‍ത്തി ആവോളം ആസ്വദിച്ചു.
അനാര്‍ക്കിസത്തിന്റെ ബൊഹീമിയന്‍ യൌവ്വനത്തിന്റെ ഇടവേളകളിലെപ്പോഴോ അയാള്‍ ചുറ്റുപാടുകളുടെ പകിട്ടില്‍ ആകൃഷ്ടനായി . തന്നെക്കാള്‍ ഒരുപാട് ചെറുപ്പമുള്ള ഭാര്യ , അവളുടെ പ്രകാശവേഗത്തില്‍ തന്റെ ഉട്ടോപ്യന്‍ സ്വപ്നങ്ങള്‍ ഓരോന്നായി തകര്‍ന്നു വീണു. ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍ ആ ബൊഹീമിയന്‍ മുഖം പകച്ചു , ചടുലമായ താളങ്ങിലുള്ള പകലുകളെ  വെറുത്തു.
 കടലാസ്സുപൊതി അഴിച്ച് മദ്യം നിറച്ച ഗ്ലാസ്സിലേക്ക്‌ തട്ടി അയാള്‍ ആര്‍ത്തുചിരിച്ചു . തന്റെ കുറിപ്പുകളില്‍ പ്രകോപിതനായവന്റെ ഉള്ളിലെ തീ കത്തിച്ച തന്റെ ആദ്യപുസ്തകത്തിന്റെ ചാരം മദ്യത്തില്‍ കലരുന്നത് കണ്ടാനന്ദിച്ച് അര്‍മാദപ്പെട്ടു. ജീവിതത്തിന്റെ രാശികള്‍ അളന്നു തിട്ടപ്പെടുത്താന്‍ പാടുപെട്ട സര്‍വ്വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു തീപ്പെട്ടിക്കോലില്‍ നിന്നുമുതിര്‍ന്ന തീയില്‍ കത്തി വെണ്ണീറായി .. ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ക്കപ്പുറം ഒഴിഞ്ഞ മദ്യക്കുപ്പികളെ അയാള്‍ വിശ്വസിച്ചു . നിസ്സംഗതയുടെ ആ താടിയെല്ലിനു കൈകള്‍ താങ്ങായി നിന്നു .
ചെവികള്‍ക്ക് മാത്രമല്ല മൂക്കിനും നീളം കൂടുന്നു , അയാളുടെ ചെറിയ കണ്ണുകളില്‍ ദൈന്യത പടര്‍ന്നു. നീണ്ട കൂര്‍ത്ത മുഖം , മുന്നോട്ടുന്തി നില്‍ക്കുന്ന കോന്തന്‍ പല്ലുകള്‍ .. നിഷ്ക്കളങ്കമായ ഒരു കഴുതയുടെ മുഖം രൂപപ്പെട്ടുവരുന്നതായി അയാളറിഞ്ഞു . തൊണ്ടയില്‍ നിന്നും വിലാപം പോലെ ദീനമായൊരു കരച്ചില്‍ പുറത്തേക്ക് ചാടി . ഒച്ച കേട്ട് ബാറില്‍ ഉണ്ടായിരുന്നവര്‍ അന്തം വിട്ടു , കഴുതരൂപം കണ്ട് അവരുടെ ഉള്ളില്‍ അങ്കലാപ്പ് പൊട്ടിമുളച്ചു . ലഹരി ഉച്ചസ്ഥായിയിലാകുമ്പോള്‍ കൂട്ടക്കരച്ചിലുകള്‍ ബാറില്‍ പതിവാണ് , തങ്ങളുടെ തീരാദു: ഖങ്ങള്‍ കുടിച്ചു തീര്‍ക്കാന്‍ വരുന്നവര്‍ക്ക് കരയുകയല്ലാതെ മറ്റെന്തുവഴിയാണുള്ളത് എന്ന് കരുതി സമാധാനിക്കാം , എന്നാല്‍ ഇതങ്ങിനെയല്ല , കുടിച്ചുകൊണ്ടിരിക്കെ ഒരാള്‍ കഴുതായി മാറുകയാണ് . ബെയറര്‍ പരിഭ്രാന്തനായി , ആയിരത്തി നാന്നൂറ്റി എണ്‍പത്തിയാറിന്റെ ബില്ല് ഗ്ലാസ് ട്രെയില്‍ കിടന്ന് അയാളെ നോക്കി ചിരിക്കുകയാണ് , ആര് കൊടുക്കും ?  കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവത്തെ വിശ്വസിക്കാനായില്ല , ഒന്നുകൂടി ഉറപ്പു വരുത്താനായി
ബെയറര്‍ അയാളെ നോക്കി . സര്‍വ്വ് ചെയ്യുന്ന വേളയില്‍ ഒരു സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ .. തന്റെ സമയത്തെ പഴിച്ചു , അടുത്ത മാസത്തെ കുടുംബ ബജറ്റ് തകിടം മറിയുന്നതില്‍ ബെയറര്‍ ആകുലപ്പെട്ടു .
തെരുവില്‍ വളര്‍ത്തുപന്നികള്‍ അവരുടെ യജമാനന്മാര്‍ക്കായി മുക്രയിട്ടു കഴുതകളെ ഭയപ്പെടുത്തി , ഉച്ചിഷ്ടങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു . വിഴുപ്പു ചുമന്ന് കഴുതകള്‍ ദൈന്യതയോടെ അലമുറയിട്ടു , ദീനക്കരച്ചിലുമായി മറ്റു കഴുതകള്‍ക്കൊപ്പം അയാളും ചേര്‍ന്നു. തെരുവ് കരഞ്ഞുതീര്‍ക്കുന്ന ആ ശബ്ദം കൂടി സന്തോഷത്തോടെ ഏറ്റുവാങ്ങി . പെരുകുന്ന കഴുതകള്‍ നാളെ തെരുവ് പിടിച്ചടക്കുമോ എന്ന് പന്നികള്‍ ഭയപ്പെട്ടു . അധികാരം നഷ്ടപ്പെട്ടേക്കാവുന്നതിന്റെ  അസ്കിതയായിരിക്കണം അവര്‍ മുക്രയിട്ടു  കഴുതകളെ ഭയപ്പെടുത്തി  കൊണ്ടേയിരുന്നു .
ദല്ലാളന്മാരുടെ വശപ്പെടുത്തലുകളില്‍ ഭയന്ന്  മറ്റു കഴുതകളെപ്പോലെ അയാളും അനുസരണയോടെ വിഴുപ്പു ഭാണ്ഡങ്ങള്‍ പേറി , അങ്ങിനെ സഹനത്തിന്റെ , ആജ്ഞാനുസരണത്തിന്റെ പുതിയ പര്‍വ്വം രചിച്ചു .
.............................................................................................................................................
*2012 ഫിബ്രുവരി ലക്കം 'പവിത്രഭൂമി ' മാസികയില്‍ പ്രസിദ്ധീകരിച്ചത് .

Monday, September 17, 2012

കളിപ്പാട്ടങ്ങള്‍

കളിപ്പാട്ടങ്ങള്‍
.............................................................


കഥ
ടി.സി.വി.സതീശന്‍
............................................

ഒന്ന്


ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ അവള്‍ കളിപ്പാട്ടങ്ങളെ തിരയുകയാണ് , വിവിധങ്ങളായ സൈറ്റുകള്‍ വിരല്‍ത്തുമ്പിലൂടെ കടന്നുപോയി . ആശ ജനിപ്പിക്കുന്ന ഒന്നും തന്നെ സ്ക്രീനില്‍ തെളിഞ്ഞില്ല , കണ്ടുമടുത്തതും ഉള്ളില്‍ താത്പര്യം ജനിപ്പിക്കാത്തതും ആയിരുന്നു അവയെല്ലാം. വിരസതയുടെ വേളയിലെപ്പോഴോ  അറിയാതെ അവളുടെ വിരലുകള്‍ ഡേയ്റ്റിംഗ് സൈറ്റില്‍ അമര്‍ന്നു. നിറയെ കളിപ്പാട്ടങ്ങള്‍ , അവളുടെ കണ്ണുകള്‍ക്കത് വിശ്വസിക്കാനായില്ല .

അയാള്‍ അമ്മാനക്കായകള്‍ മുകളിലേക്കെറിയുകയും  താഴെ വീഴാതെ ഉള്ളം കയ്യിലൊതുക്കുകയും  വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്തു , അടക്കമുള്ള ആ കയ്യൊതുക്കത്തെ താത്പര്യപൂര്‍വ്വം അവള്‍ ശ്ലാഘിച്ചു . ലോഹ ഗോളങ്ങളില്‍ നിന്നുമുതിരുന്ന ഭസ്മം ചുറ്റും കൂടിനിന്ന ഓരോ പെണ്‍കുട്ടിയുടേയും മേല്‍ പതിപ്പിക്കാന്‍  പ്രത്യേക ശ്രദ്ധ ആ കരവിരുത് കാട്ടിയിരുന്നു . മനവും മനനവും ഒരുക്കൂട്ടി  രോഗ വിമുക്തിക്കായി കൊതിക്കുന്ന പെണ്‍കുട്ടികളാകട്ടേ ഒരു നുള്ള് ഭാസ്മമെങ്കിലും തങ്ങളുടെ മേല്‍പതിയാന്‍ മത്സരിക്കുകയാണ് . അയാള്‍ക്ക്‌ ചുറ്റും റോക്ക് ചെയ്യുന്ന അവരുടെ കണ്ണുകള്‍ ജ്വലിച്ചു , ശരീരം ഇളകി .

നിറയെ ദ്വാരങ്ങള്‍ ഉള്ള ലോഹഗോളങ്ങള്‍ , അതിന്റെ സുഷിരങ്ങളിലൂടെ ഉതിരുന്ന ഭസ്മം , അല്‍പ്പ വസ്ത്രധാരിയായ അയാള്‍ക്ക് ചുറ്റും നൃത്തമാടുന്ന പെണ്‍കുട്ടികള്‍ , ഉരിഞ്ഞുവീഴുന്ന അവരുടെ ഇറുകിയ വസ്ത്രങ്ങള്‍ .. കാണാനിമ്പമുള്ള ആ കാഴ്ചകള്‍ അവളെ ആവേശത്തിലാക്കി . അതിന്റെ മാസ്മരികതയില്‍ ആനന്ദമുളവായി , മനസ്സ് പുതിയ ചക്രവാളങ്ങള്‍ തേടി പറന്നു .

കളിപ്പാട്ടങ്ങളെ ചെറുപ്പം തൊട്ടേ അവള്‍ക്കിഷ്ടമായിരുന്നു , ഇഷ്ടമെന്നു പറഞ്ഞാല്‍ വെറുമൊരിഷ്ടം. അല്ലാതെ അവ സൂക്ഷിച്ചുവെക്കാനോ അതില്‍ സ്വപ്നങ്ങള്‍ നിറയ്ക്കാനൊ അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല . പഴയത് മടുക്കുമ്പോള്‍ പുതിയത് തേടുകയും പഴയതിനെ മറക്കുകയും ചെയ്യുക , അത്രതന്നെ .

വൈകി ഉണരുന്ന സൂര്യന്‍ അവള്‍ക്കൊരു പ്രശ്നമേ ആയില്ല , നിലാവ് പൂക്കുന്ന ആകാശത്തേ മാത്രമേ അവള്‍ കണ്ടുള്ളൂ . വൈകിയുറങ്ങുന്ന രാത്രികളെ കാമിച്ച് ജീവിതം വെറുമൊരു അമ്മാനയാട്ടമായി അവള്‍ കല്‍പ്പിച്ചു , അമ്മാനപ്പന്തുകളില്‍ നിറച്ച ഭസ്മത്തിന്റെ തായും വേരും  അന്വേഷിച്ചില്ല , ഉപേക്ഷിച്ചുപോയ കളിപ്പാട്ടങ്ങള്‍ പോലെ അതും അവളെ നോമ്പരപ്പെടുത്തിയില്ല .
മച്ചിങ്ങയില്‍ കോര്‍ത്ത ഈര്‍ക്കിലില്‍ മറ്റൊന്ന് ചേര്‍ത്തു വട്ടം കറക്കിയപ്പോള്‍ ഉണ്ടാകുന്ന കടകടാ ശബ്ദം അവളുടെ കാതുകളില്‍ വന്നണഞ്ഞു . പച്ച ഈര്‍ക്കിലുകള്‍ കുത്തിനോവിച്ച മച്ചിങ്ങയുടെ ദീനവിലാപം അവളെ സന്തോഷത്തിലാക്കി . ആവേശത്തോടെ, ലോകത്തെ നോക്കി ഈര്‍ക്കിലുകള്‍ ചേര്‍ത്തുപിടിച്ച് വീണ്ടും വീണ്ടും വട്ടം കറക്കി , അതില്‍ അവള്‍ വട്ടുപിടിച്ചു .

വീക്കെന്‍ഡിലെ  ഷോപ്പിംഗ് അവള്‍ക്കു നിര്‍ബ്ബന്ധമാണ് , നഗരത്തിലെ പേരുകേട്ട ഷോപ്പിംഗ് മാളില്‍ അവള്‍ കളിപ്പാട്ടങ്ങള്‍ തിരയുകയാണ് . ചാവി കൊടുത്താല്‍ ആടുകയും പാടുകയും വീണു നമസ്കരിക്കുകയും ചെയ്യുന്ന സുന്ദരനായ ആണ്‍ പാവ , അവളുടെ കണ്ണുകള്‍ അതില്‍ ഉടക്കി നിന്നു . അതിനെ തിരിച്ചും മറിച്ചും നോക്കി , വീണ്ടും ചാവി കൊടുത്തു . താളത്തിനു തുള്ളുന്ന അവന്റെ കൊപ്രായങ്ങളില്‍ അവള്‍ ആനന്ദം പൂണ്ടു .

ദൂരെ മാറിനിന്നു ഒരാള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു , ആവേശത്തിമര്‍പ്പില്‍ അവളതു കണ്ടതേയില്ല , അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കാണണം ഒരാള്‍ അവളുടെ മുന്നില്‍ വന്നു നിന്ന് തന്റെ ദേഹമൊന്നു കുടഞ്ഞ്‌ , ടൈ വലിച്ചു ശരിയാക്കി പറഞ്ഞു .. ഞാന്‍ നിരഞ്ജന്‍ , ഇവിടുത്തെ ഫ്ലോര്‍ മാനേജര്‍ . മാഡത്തിനു ടോയ്സ് ഇഷ്ടമാണെന്ന് തോന്നുന്നു , ഇത് പാക്ക് ചെയ്യട്ടേ ? ഇനിയെന്തെങ്കിലും ഹെല്‍പ്പ് ..? പാവയില്‍ നിന്നും ഒരു നിമിഷം അവളുടെ ശ്രദ്ധ അവന്റെ നേര്‍ക്ക്‌ തിരിഞ്ഞു , വീണ്ടും അവള്‍ പാവയിലേക്ക് , അവനിലേക്ക്‌ .. മാറി മാറി നോക്കി.  അവള്‍ അവനോടു ചിരിച്ചു ,അല്‍പ്പം വിശാലമായി തന്നെ , പാവയില്‍ തോന്നിയ അതേ കൌതുകം അവനോടും തോന്നിയിരിക്കണം .

നിരഞ്ജന്‍ ഇങ്ങിനെ തന്നെയാണോ
എപ്പോഴും ? മുഖത്തെയീ പ്രസന്നത എന്നും ഉണ്ടാകുമോ ? ഒന്ന് കണ്ണിറുക്കി അവള്‍ അവനോടു ചോദിച്ചു . ഷോള്‍ഡര്‍ കുലുക്കിയുള്ള ഒരു ചിരിയാണ് നിരഞ്ജന്‍ അതിനു മറുപടിയായി അവള്‍ക്കു കൊടുത്തത് .

ചാവിയില്‍ തിരിയുന്ന സുന്ദരപ്പാവയെ ഷോകെയ്സില്‍ തന്നെ തിരികെ വെച്ച്‌ അവള്‍ അവന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു . ചാവികൊടുത്ത പാവയെ പോലെ അവന്‍ അവളോട്‌ ചേര്‍ന്ന് നടന്നു . ചേര്‍ത്തുവെച്ച പച്ച ഈര്‍ക്കിലുകള്‍ അവള്‍ വീണ്ടും കറക്കി , പ്രസന്ന മുഖത്തിന്റെ തരളിത വിലാപമായി നിരഞ്ജന്‍ മച്ചിങ്ങാ കളിപ്പാട്ടമായി , കടകടാ ശബ്ദമുതിര്‍ത്ത് അവളെ ആനന്ദിപ്പിച്ചു.
രണ്ടുമാസം തെകഞ്ഞില്ല , ചൈനയുടെ വിലകുറഞ്ഞ കളിപ്പാട്ടം പോലെ ചാവികൊടുത്താല്‍ തിരിയാന്‍ നിരഞ്ജന്‍ ആയപ്പെടുന്നതായി അവള്‍ക്കു ബോധ്യപ്പെട്ടു . അല്ലെങ്കില്‍ തന്നെ ഒരു കളിപ്പാട്ടം എത്രകാലം കൊണ്ട് നടക്കാം ? ഔചിത്യക്കേട്‌ മനസ്സിനെ കളിയാക്കി . വിപണിയിലെ പുതിയ പരസ്യങ്ങള്‍ തേടി , പുതിയ കളിപ്പാട്ടങ്ങള്‍ക്കായി ഷോപ്പിംഗ് മാളുകള്‍ തോറും അവള്‍ കയറിയിറങ്ങി .

രണ്ട്
 
ഇന്‍ ബോക്സ് തുറന്നു മെയില്‍ ചെക്ക് ചെയ്യുകയാണ് . നൂറ്റിയെഴുപത്തിയാറ് മെയിലുകള്‍ .. അനാവശ്യമായത് ഡിലിറ്റ് ചെയ്യുന്നതിനിടെ കണ്ണുപെട്ട ഒരു മെയില്‍ അവള്‍ തുറന്നു നോക്കി . ഭുപേന്‍ ചന്ദെന്നായിരുന്നു അവന്റെ പേര് , കവിത പൂക്കുന്ന വാക്കുകളില്‍ പ്രണയത്തിന്റെ ആകാശവിശാലത .. അവനു വെബ്ബ് ചാറ്റ് വേണമത്രേ . കൌതുകവും ജിജ്ഞാസയും കലര്‍ന്ന ആഹ്ലാദത്താല്‍ പുതിയ കുരിശിനെ ഏറ്റെടുക്കാന്‍ അവള്‍ തീരുമാനിച്ചു . ക്യാമറ ഓണ്‍ ചെയ്ത് ഹെഡ് ഫോണ്‍ കാതിലുറപ്പിച്ച് അതിനായി തയ്യാറെടുത്തു . മരക്കുരിശില്‍ തറയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട അടുത്ത ഹതഭാഗ്യവാന് കത്തിക്കാനായി അവള്‍ മെഴുകുതിരികളെടുത്ത്‌ മേശപ്പുറത്തുവെച്ചു .

ഹായ് , ഡാര്‍ലിംഗ് .. ഞാന്‍ ഭുപേന്‍ . പത്തിരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ പയ്യന്‍ ഉപചാര വാക്കുകളില്ലാതെ പറഞ്ഞു .
ഹായ് .. എന്‍റെ മറു വചനങ്ങള്‍ക്ക് ചെവി കൊടുക്കാതെ അവന്‍ തുടര്‍ന്നു .. കോട പെയ്യുന്ന മഞ്ഞുമലകളിലേക്ക് അവനുമൊത്തൊരു ട്രക്കിംഗ് , ഐസ്സ് പാളികള്‍ക്കിടയില്‍ തെന്നിവീഴാതെ അവനൊപ്പം ഉയരങ്ങള്‍ താണ്ടുക . നനുത്ത ചിരിയില്‍ അവന്‍ ഒളിപ്പിച്ചുവെച്ച വെല്ലുവിളി അവള്‍ക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല . കയ്യിലുള്ള ചെറിയ പന്തുകളെ മുകളിലേക്കെറിയുകയും  കയ്യൊതുക്കത്തോടെ കൈപ്പിടിയിലൊതുക്കുകയും ചെയ്തു കൊണ്ടവള്‍ പറഞ്ഞു .. ഞാന്‍ റെഡി , നിന്റെ ഉള്ളിലെ ഐസ്സുരുക്കാന്‍ എനിക്ക് രണ്ടാഴ്ച മതി . പുതിയ കളിപ്പാട്ടം കയ്യില്‍ വന്നകപ്പെട്ട സന്തോഷത്തില്‍ അവളുടെ ചുണ്ടുകള്‍ ചലിച്ചു .

പുത്ര ദു:ഖത്താല്‍ സ്വന്തം ശരീരത്തില്‍ കയറ് വരിഞ്ഞുകെട്ടി വിപാശയിലേക്ക് എടുത്തു ചാടിയ വസിഷ്ടനെ കുറിച്ച് അവള്‍ കേട്ടിട്ടുണ്ട് . ഓളങ്ങള്‍ തീര്‍ത്ത്‌ കയറ് തകര്‍ത്ത് വസിഷ്ടനെ രക്ഷിച്ച വിപാശ നദിയെ അവക്കിഷ്ടവുമാണ് .  ഭുപേന്‍ .. വിപാശയുടെ തീരത്തേക്കുള്ള നിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു . രൊഹ്താംഗ്  ചുരങ്ങളിലെക്കുള്ള യാത്രയില്‍ പിരിമുറുക്കങ്ങളില്ലാത്ത സായാഹ്നങ്ങള്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു , ദൈവങ്ങളുടെ താഴ്വരയില്‍ നമുക്കന്തിയുറങ്ങാം .. എന്നുപറഞ്ഞ് അവള്‍ ചാറ്റിംഗ് ക്ലോസ് ചെയ്തു .

മനാലിയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു അവള്‍ . സ്വപ്നങ്ങളില്‍ വിപാശ നദിയും കുളു താഴ്വരയും മാറിമാറി വന്നു .  മനസ്സ് രൊഹ്താംഗിലെക്കുള്ള ഉയരങ്ങളില്‍ പറന്നു കളിച്ചു , ഇടത്താവളങ്ങളില്‍ ഭുപേനുമൊത്തുള്ള രതി ക്രീഡകളെ  ഓര്‍ത്ത്‌ ചിരിച്ചു . ജനലഴികള്‍ കടന്നു വന്ന തണുത്ത കാറ്റില്‍ സ്വപ്നങ്ങള്‍ ഉറക്കത്തിനു വഴിമാറി കൊടുത്തു . വളരെ വൈകി കിഴക്ക് വെള്ള കീറി , പകല്‍ വെളിച്ചം മുട്ടിവിളിച്ചു . ഭുപേന്‍ എന്ന സുന്ദര പാവ അവളുടെ കരവലയങ്ങള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുകയായിരുന്നു അപ്പോള്‍ .

മനാലിയിലേക്കും വിപാശയിലേക്കും ഉള്ള ദൂരം വിരല്‍ത്തുമ്പില്‍ ഇല്ലാതായി , ലാപ് ടോപ്പില്‍ ഭുപേന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു .അവള്‍ കയ്യിലെ പന്തുകളെ ആകാശത്തേക്ക് എറിഞ്ഞു . ഉതിര്‍ന്നുവീണ അവന്റെ ദേഹത്ത് ശിശിരങ്ങള്‍ തീര്‍ത്തു . മഞ്ഞു പെയ്യുന്ന ഇരുളില്‍ തന്റെ വിരിഞ്ഞ ചുണ്ടുകള്‍ അവന്റെ വിറയാര്‍ന്ന ചുണ്ടുകളെ തേടി .

കളിപ്പാട്ടങ്ങള്‍ എന്നും കളിപ്പാട്ടങ്ങള്‍ മാത്രമാണ് എന്ന് നീയറിയണം .. ഭുപേന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു . ഇടവും വലവും നില്‍ക്കുന്ന വിപാശയും കുളുവും അതു കേട്ട് ചിരിച്ചു കാണുമല്ലോ എന്നവള്‍ അവനെ കളിയാക്കി .

അവളുടെ മുഖത്ത് വിരിഞ്ഞ ചുഴികളില്‍ ഭുപേന്റെ കൈനഖങ്ങള്‍ പോറലുണ്ടാക്കി , കോടയുരുകുന്ന ഉഷ്നപ്രവാഹം പുതിയ ആവേശത്തെ സൃഷ്ടിച്ചു . ധ്യാനവും ക്രീഡകളുമായി നമുക്കിവിടെ പൊറുപ്പ് തുടങ്ങാം , അവന്‍ പറഞ്ഞു . കാലങ്ങളോളം ശിവ പാര്‍വ്വതിമാര്‍ ഒരുമിച്ചു വസിച്ചിരുന്ന ഈ താഴ്വാരത്തെ നമുക്ക് സ്വന്തമാക്കാം . ശിരോലിഖിതങ്ങളും തിരുവസ്ത്രങ്ങളുമില്ലാതെ കാറ്റായും മഞ്ഞായും മഴയായും നമുക്കീ മണ്ണില്‍ അലിഞ്ഞില്ലാതാവാം .

ഭുപേന്‍ നീയെന്നെ തോല്‍പ്പിച്ചിരിക്കുന്നു ..? താന്‍ ചെറുതാകുന്നതായി അവള്‍ക്കു തോന്നി . കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് അവള്‍ തല കുലുക്കി . മാറിവന്ന ഋതുക്കള്‍ അവര്‍ക്ക് കാവലായി നിന്നു . രൊഹ്താംഗ്  മലയിടുക്കുകളില്‍ മഞ്ഞുപെയ്യുകയും കോടയുണ്ടാവുകയും അതുരുകുകയും ചെയ്തു . വിപാശ നദി ഒന്നുമറിയാത്തവളെ പോലെ ഒഴുക്ക് തുടര്‍ന്നു .

.............................. ...........................................................................................
* 2012 ജൂലൈ ലക്കം 'പവിത്രഭൂമി ' മാസികയില്‍ വന്ന എന്റെ കഥ