Saturday, October 27, 2012

സൂചിക്കുഴിയില്‍ നൂല് കോര്‍ക്കുക അത്ര എളുപ്പമല്ല

 സൂചിക്കുഴിയില്‍ നൂല് കോര്‍ക്കുക അത്ര എളുപ്പമല്ല
............................................................
...............................................................................................................
കഥ
ടി.സി.വി.സതീശന്‍


 സുഗുണന്‍ മാഷ്‌ അതു പറഞ്ഞപ്പോള്‍ ടൈലര്‍ ദാമോദരന്‍ ഒന്ന് ഞെട്ടി , സ്വതേ കരുവാളിച്ച അയാളുടെ മുഖം ഒന്നുകൂടി കറുത്തു . ഉള്ളില്‍ പെയ്ത അങ്കലാപ്പ്  ചേറുപുരണ്ട വിയര്‍പ്പായി കഴുത്തുവഴി താഴോട്ടേക്കിറങ്ങി .

കിട്ടിയ അവസരം കളയാതെ ന്റെ ദാമോരാ ..മാഷിന്റെ സഹായിയായി വന്ന ഇടിവെട്ട് ഭാസ്കരന്‍ ദാമോദരനെ സമാധാനിപ്പിച്ചു .

ഇതുവരേം ആരെയും ഒന്നും പഠിപ്പിച്ചിട്ടില്ല , എങ്ങിന്യാ പഠിപ്പിക്ക്വാ എന്നറിയുല്ല്വാ .. എന്തിന് , ഒരു പ്രസംഗം പോലും നേരെചൊവ്വേ കേട്ടിട്ട് കൊല്ലങ്ങളായി . ദാമോദരന്‍ കത്രിക മേശമേല്‍ വെച്ച് , അതിനുമേല്‍ അളവ് ടേപ്പ്  കമിഴ്ത്തി വെച്ചു . താഴെ മുറിഞ്ഞുവീണ തുണി കഷണമെടുത്തു  വിയര്‍പ്പ് തുടച്ചു .
 ഞായറാഴ്ച സന്ധ്യക്ക്‌  നീ വായനശാലെന്റെ മീത്തലുള്ള ക്ലബ്ബിന്റെ ആപ്പീസിലേക്ക് വരിക എന്നു  പറഞ്ഞ്  ഉള്ളില്‍ ഗാന്ധിജി നിസ്സഹായതയോടെ ചിരിക്കുന്ന ഒരഞ്ഞൂറിന്റെ നോട്ട്  മാഷ്‌ ദാമോദരന്റെ കീശയില്‍ തിരുകി വെച്ചു .അത്രേം ചെയ്ത്  ഇടിവെട്ട് ഭാസ്കരന്റെ കയ്യും പിടിച്ച്  സുഗുണന്‍ മാഷ്‌ നിരത്തിലേക്കിറങ്ങി .

അടുത്ത ഷര്‍ട്ടിന്റെ തുണി മുറിക്കാനായി ദാമോദരന്‍ കത്രിക കയ്യിലെടുത്തു , ടേപ്പ് കൊണ്ട് അളന്ന് ചോക്കുകൊണ്ട്  അടയാളപ്പെടുത്തിയ വരകള്‍ക്ക് നേരെ കത്രിക തിരിച്ചു , ഒരിഞ്ചു പോലും മുന്നോട്ടു പോകാതെ അതു കിതയ്ക്കുന്നു .

ദാമോദരാ .. തയ്യപ്പണി  നിന്റെ ജീവിത മാര്‍ഗ്ഗമാണ് , വേണ്ടാത്ത എടാകുടങ്ങളിലൊന്നും  ചെന്നുചാടാതെ , കാലപ്പഴക്കമുള്ള സൌഹൃദത്തിന്റെപേരില്‍ കത്രിക 
ഉപദേശിക്കുന്നതായി ദാമോദരന് തോന്നി.

സുഗുണന്‍ മാഷേ ധിക്കരിച്ചുകൂടാ , നാളെ മെമ്പറോ മന്ത്രിയോ ആയേക്കാവുന്ന ആളാണ്‌ , ഉപകാരിയാണ് .
പോയി നോക്കാം ല്ല്യെ .. ദാമോദരന്‍ സ്വന്തം മനസ്സിനോട് സമ്മതം ചോദിച്ചു .

തുലാമാസത്തെ വൈകുന്നേരം ഇടി മിന്നലിന്റെ അകമ്പടിയോടെ മഴ ചാറുന്നു , ശീലക്കുട മടക്കി ഒതുക്കി പിടിച്ചു ദാമോദരന്‍ വായനശാലയുടെ മുകളിലുള്ള ക്ലബ്ബിലേക്കുള്ള മരയേണി കയറി . ഘടാഘടിയന്മാരായ പത്തിരുപതു പേര്‍ വട്ടംചേര്‍ന്നിരിക്കുന്നു . പരിചിതമുഖങ്ങള്‍  , ആകെയുള്ളത് സുഗുണന്‍ മാഷും ഇടിവെട്ട് ഭാസ്കരനും മാത്രം .

സുഗുണന്‍ മാഷ്‌ പതിഞ്ഞ സ്വരത്തില്‍ അവരോടെന്തൊക്കെയോ  പറയന്നു . മാഷിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി ദാമോദരന്‍ തൊണ്ടയനക്കി . സംസാരിക്കുന്നതിനിടയില്‍ മാഷ്‌ കൈകൊണ്ടു ആംഗ്യം കാണിച്ച്  ദാമോദരനെ അകത്തേക്ക് ക്ഷണിച്ചു .

അടക്കിപ്പറച്ചില്‍  ഒരു നിമിഷനേരം നിര്‍ത്തിയിട്ട് .. മാഷ്‌ ദാമോദരനെ അവര്‍ക്ക് പരിചയപ്പെടുത്തി ..
വര്‍ഷങ്ങങ്ങളായി ഈ നാട്ടില്‍ തുന്നല്‍പ്പണിയെടുക്കുന്നവനാണ്  ദാമോദരന്‍ , പാര്‍ട്ടി മെമ്പറല്ല, എങ്കിലും കൂറുള്ളവനാ .. നമുക്ക് വിശ്വസിക്കാം .

കൂടിയിരുന്നവര്‍ കയ്യടിച്ചു .

മേശമേല്‍ നിരത്തിയിട്ട തുണി കാണിച്ചു മാഷ്‌ ദാമോദരനോട് ചിരിച്ചു , എന്നിട്ട് ഘടാഘടിയന്മാരായ അനുയായികളോട് പറഞ്ഞു .. കൈ വെട്ടേണ്ടതെങ്ങിനെ , കഴുത്തു വെട്ടേണ്ടതെങ്ങിനെ , ഉടലു വെട്ടേണ്ടതെങ്ങിനെ എന്നൊക്കെ നമ്മുടെ ദാമോദരന്‍ നിങ്ങളെ പഠിപ്പിച്ചു തരും .

അനുചരന്മാരുടെ ചുഴിഞ്ഞ നോട്ടത്തില്‍ ദാമോദരന്‍ ഒന്ന് പതറി .. അറിയാതെ നാവില്‍ നിന്നും കുന്നുംപുറത്തമ്മയ്ക്ക്  ഒരു വിളി പോയി ... കാവിലമ്മേ കാത്തുരക്ഷിക്കണേ ..

രണ്ട്

കുട്ടികളേ ...
വിരിഞ്ഞുന്തിയ മാറും വീര്‍പ്പിച്ച മസ്സിലുകളില്‍ പേശി മുറുക്കിയ മുഖവുമുള്ള  ചെറിയ തലകളിലേക്ക് നോക്കി ദാമോദരന്‍ വിളിച്ചു . ഉള്ളിലാളിയ ഭയത്തിന്റെ ആന്തലില്‍ അയാള്‍ പെട്ടെന്ന് തിരുത്തി ..
കൂട്ടുകാരേ ,
തയ്യല്‍പ്പണി അത്ര എളുപ്പമുള്ള ഒരു ജോലിയല്ല .. അവര്‍ കണ്ണുരുട്ടി ദാമോദരന്റെ വാക്കുകള്‍ക്കു തടയിട്ടു .
ആദ്യം സൂചിയില്‍ നൂല്‍ കോര്‍ക്കാന്‍ പഠിക്കണം , അതിനു സൂചി വിരലുകളില്‍ ചേര്‍ത്തു പിടിക്കാനറിയണം . പിന്നെ  ബട്ടണ്‍ ഹോള് തുന്നാനും കുടുക്കു വെയ്ക്കാനും പഠിക്കണം .
പേടിച്ചു വിറച്ചാണെങ്കിലും തയ്യിലിന്റെ 
ാല പാഠങ്ങള്‍ ദാമോദരന്റെ നാക്കിലൂടെ പതിഞ്ഞ സ്വരത്തില്‍ പുറത്തേക്കു വീണു .

സുഗുണന്‍ മാഷ്‌ മേശമേല്‍ രണ്ടുതട്ടുതട്ടി .. അനുചര വൃന്ദത്തിന്റെ  മുറുകിയ പേശികളില്‍ അത് അല്‍പ്പം അയവുണ്ടാക്കി . തെങ്ങാപ്പൂള്  പോലുള്ള ഒരു ചിരി അവര്‍ ദാമോദരന് നേരെ ഔദാര്യമായി നീട്ടി .

അതിന്റെ ബലത്തില്‍ ദാമോദരന്‍ അല്‍പ്പം ഖരഭാഷയില്‍ പറഞ്ഞു .. മുറിച്ചിട്ട തുണികള്‍ തുന്നിചെര്‍ക്കുക എന്ന  മഹത്തായ പ്രവൃത്തിയില്‍ ആണ് ഒരു തയ്യല്‍ക്കാരന്‍ ആത്യന്തിക സന്തോഷം കൈവരിക്കുന്നത് .

ഇടിവെട്ട് ഭാസ്ഖരന് ഒന്നും പിടികിട്ടിയില്ല , അവന്‍ സുഗുണന്‍ മാഷേ നോക്കി , മാഷ്‌ കണ്ണ് കാണിച്ചു .. അവന്‍ അനുയായികള്‍ക്ക്  നേരെ തലയാട്ടി , അവര്‍ കര ഘോഷങ്ങളായി അത് ദാമോദരന് മടക്കി കൊടുത്തു .

എല്ലാവരും സൂചി കയ്യിലെടുക്കുക , അതിന്റെ നേര്‍ത്ത തുളയിലൂടെ നൂല് കോര്‍ക്കുക, ബുദ്ധിമുട്ടുണ്ടാകം .. എങ്കിലും നിങ്ങള്‍ നിര്‍ത്തരുത് .

സൂചിയുടെ തുള കണ്ണോടു ചേര്‍ത്തുവെച്ച്  നൂലിന്റെ അറ്റം നാക്കിലെ തുപ്പല് പറ്റിച്ച് അവര്‍ ആ ചെറിയ ദ്വാരത്തില്‍ നൂല് കോര്‍ത്തെടുക്കാന്‍ പാടുപെട്ടു .

"നിത്യാഭ്യാസി ആനയെ എടുക്കും  .. പയ്യെ തിന്നാല്‍ മുള്ളും തിന്നാം" എന്നീ പഴഞ്ചൊല്ലുകള്‍ നിരന്തര പ്രയത്നത്തിനു പാശ്ചാത്തല ഗീതമായി പാടി സുഗുണന്‍ മാഷ്‌ അവര്‍ക്ക് ഉണര്‍വ്വേകി.

അച്ചുമേസ്തിരി കത്രികക്കോണ് കൊ
ണ്ട് മേടിയ (ഞൊട്ടിയ) പാടുകള്‍ തന്റെ കൈവിരലുകള്‍ മടക്കി ദാമോദരന്‍ സുഗുണന്‍ മാഷിന്റെ അനുയായികള്‍ക്ക് കാട്ടി കൊടുത്തു . ഞൊട്ടലുകള്‍  തീര്‍ത്ത തഴമ്പില്‍ തലോടി അയാള്‍ സംതൃപ്തി നേടി .

മൂന്ന്

മേശമേല്‍ ഇരുന്ന ചുരുട്ടിക്കെട്ടിയ തുണിയെടുത്ത് ദാമോദരന്‍ കുടഞ്ഞുവിരിച്ചു . ടേപ്പ്  കയ്യിലെടുത്ത്  ഇടിവെട്ട് ഭാസ്കരന്റെ വന്മതില്‍ പോലെ വിശാലമായ മാറ്‌ അളന്നെടുത്തു , അളവിനായി തലങ്ങും വിലങ്ങും പാഞ്ഞ ടേപ്പ്  അരവണ്ണവും മുതുകുനീളവും കുറിച്ചെടുത്തു . ഇതൊക്കെ കണ്ട് അനുയായിക്കൂട്ടം അന്തംവിട്ടു . വിരിഞ്ഞുമുറുക്കിയ  ടേപ്പ്  ഉണ്ടാക്കിയ അസ്വസ്ഥതയില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ഭാസ്കരന്‍ ആഴത്തിലൊരു നെടുവീര്‍പ്പിട്ടു .

അരക്കയ്യനാവാണോ .. അതോ മുഴുക്കയ്യനോ ?
ദാമോദരന്റെ അടുത്ത ചോദ്യത്തില്‍ ഭാസ്കരന്‍ ഞെട്ടി . അവന്‍ സുഗുണന്‍ മാഷെ നോക്കി .. അനുചരന്മാര്‍ ഭാസ്കരനെയും സുഗുണന്‍ മാഷിനെയും മാറിമാറി നോക്കി .


സുഗുണന്‍ മാഷ്‌ ശ്രീകണ്ടെശ്വരത്തിന്റെ 
ശബ്ദതാരാവലി മറിച്ചു .. അരക്കയ്യനും മുഴുക്കയ്യനും തമ്മിലുള്ള അന്തരത്തെ കുറിച്ച് ലഘുഭാഷണം നടത്തി .

സംശയം നിവര്‍ത്തി കൊണ്ടില്ലെങ്കിലും പതിവുപോലെ ഭാസ്കരനും കൂട്ടരും സുഗുണന്‍ മാഷുടെ സത്യപ്രസ്താവനയെ  തലകുലുക്കി ഉറപ്പിച്ചു .

കൂട്ടരേ .. ഇനിയാണ് ജാഗ്രതയും സൂക്ഷ്മതയും കൂടുതല്‍ ആവശ്യമുള്ളത് . അളവുകള്‍ കുറിച്ച ചോക്ക് വരകളിലൂടെ കത്രിക നീക്കി ദാമോദരന്‍ പറഞ്ഞു .
ആദ്യം നമ്മള്‍ കഴുത്തു വെട്ടുന്നു , പിന്നെ മുതുക് , അതും കഴിഞ്ഞ്  കൈക്കുഴി വെട്ടുന്നു .

ഇലവീണാല്‍ പോലും അറിയാത്ത നിശ്ശബ്ദതയില്‍ അനുയായിക്കൂട്ടം ശ്വാസമടക്കി കാതുകള്‍ ദാമോദരന്റെ വാക്കുകള്‍ക്കായി ഒരുക്കി നിര്‍ത്തി .

കത്രിക ദാമോദരന്റെ കൈവിരലുകളെ അനുസരിച്ചു , വെട്ടിവീണ  തുണിക്കഷണം ഉയര്‍ത്തി അയാള്‍ മറ്റുള്ളവരോടായി പറഞ്ഞു .. ഇപ്പോള്‍ നിങ്ങള്‍ കഴുത്തുവെട്ടാന്‍ പഠിച്ചിരിക്കുന്നു .. അല്ലേ ?

ആവേശം വാനോളം ഉയര്‍ന്നപ്പോള്‍ അനുയായിക്കൂട്ടം ആര്‍ത്തുതുള്ളി . ശ്രീകണ്ടെശ്വരത്തിനു വിട്ടുപോയ പദങ്ങള്‍ പൂരിപ്പിച്ചു കൊണ്ടവര്‍ ശബ്ദതാരാവലി സംപൂഷ്ടമാക്കി .
ഇനി മുതുക്  പിന്നെ കൈകള്‍ ...
 വെട്ടി തീര്‍ന്ന തുണിക്കഷണങ്ങള്‍ ചേര്‍ത്തു കെട്ടി ദാമോദരന്‍  തന്റെ നടുവിന് കൈകൊടുത്ത്  ക്ഷീണമകറ്റി .

കൂട്ടുകാരെ ..,
ഇനി നമ്മള്‍ ചെയ്യാന്‍ പോകുന്നത് നമ്മുടെ ഇടിവെട്ട് ഭാസ്കരന് ഒരു കുപ്പായം തുന്നുക എന്നകര്‍മ്മത്തിലേക്കാണ്‌ .
ആദ്യം നിങ്ങളൊന്നു റിലാക്സ് ചെയ്യുക , പേര്‍ത്തുപേര്‍ത്തു പിടിച്ച നിങ്ങളുടെ ശരീരത്തിലെ മസ്സിലുകള്‍ അയച്ചിടുക ..

വെട്ടുക .. ചീന്തുക .. മുറിക്കുക , എന്നീ ക്രീയാ വിശേഷങ്ങളില്‍ നിന്നും ഒരുപാടകലെയാണ് തുന്നുക , കൂട്ടിച്ചേര്‍ക്കുക തുടങ്ങിയ ക്രിയാ പദങ്ങള്‍ . ഒരു നല്ല തുന്നല്‍ക്കാരാവുക എന്നത് നല്ല മനുഷ്യരാകുക എന്നതാണ് . അഹത്തില്‍ പിടഞ്ഞ ദാര്‍ശനികത ഒരു തത്വജ്ഞാനിയെ പോലെ ദാമോദരന്‍  അവര്‍ക്ക് മുന്നില്‍ വിളമ്പി .
അപനിര്‍മ്മിതിയുടെ പ്രതിക്രീയയായി നാം ചെയ്യാന്‍ പോകുന്നത് ഇതുവരെ വെട്ടിയിട്ടവ തുന്നിചേര്‍ക്കുക എന്ന സവിശേഷ നിര്‍മ്മിതിയിലേക്കാണ്‌ . ഒരു തുന്നല്‍ക്കാരന് വെട്ടിയിട്ടതു പോലെ തുന്നിചേര്‍ക്കുന്നതിനും ചില രീതിശാസ്ത്രമുണ്ട് , നിര്‍ബ്ബന്ധമായും നിങ്ങളത് അറിഞ്ഞിരിക്കണം . ദാമോദരന്‍ തുടര്‍ന്നു .. ആദ്യം വെട്ടിയ  കഴുത്ത്  നമ്മള്‍ അവസാനമായി ആണ് ഉറപ്പിക്കുന്നത് , അവസാനം വെട്ടിയവയാണ് ആദ്യം കൂട്ടി ചേര്‍ക്കുന്നത് .. കഴുത്തുറപ്പിക്കുക എന്നത് കഴുത്തു വെട്ടുക എന്നതിന്റെ നേര്‍വിപരീത പദമാണെന്നത് നിങ്ങള്‍ക്ക്  അറി
ാമല്ലോ ?

തന്റെ പഴയ സിംഗര്‍ തയ്യില്‍ മെഷീന്‍ ഉയര്‍ത്തിവിട്ട കടകടാ ശബ്ദം ബിഥോവാന്റെ ആറാം സിംഫണി  പോലെ ആസ്വാദ്യകരമാണ് എന്നവന്‍ കൂടെയുള്ളവരെ ബോധ്യപ്പെടുത്തി , നിര്‍മ്മിതിയുടെ പുതിയ ആകാശമാനങ്ങള്‍ കാട്ടി ഘടോല്‍ഘടിയന്മാരെ ഒപ്പം കൂട്ടി ..

കുപ്പായങ്ങള്‍ തുന്നുന്നതില്‍ സുഗുണന്‍ മാഷും ഇടിവെട്ട് ഭാസ്കരനും ക്ലബ്ബും തോളോട് തോള്‍ ചേര്‍ന്ന് ദാമോദരന് ഒപ്പം നിന്നു .
നിതാന്ത ജാഗ്രതയോടെ സൂചിക്കുഴിയില്‍ നൂല് കോര്‍ത്തെടുക്കാന്‍ അവര്‍ പരിശ്രമിച്ചു .

ക്ലബ്  വരാന്തയിലിരുന്ന് സുഗുണന്‍ മാഷും ഭാസ്കരനും  മറ്റു ഘടാഘടിയന്മാരും ഇരുപത്തിയൊന്നു തുന്നല്‍ മെഷിനുകളിലായി പുതിയ കുപ്പായങ്ങള്‍ തയ്ക്കുന്നു . വാര്‍ഷിക ജനറല്‍ ബോഡിയില്‍  ദാമോദരന പ്രസിഡണ്ടായും ഇടിവെട്ട് ഭാസ്കരന്‍
 സെക്രട്ടറിയായും തിരഞ്ഞെടുത്തുകൊണ്ട്  നാടിന്റെ നിത്യസമാധാനത്തില്‍ ഭാഗഭാക്കാകാന്‍ ക്ലബ് തീരുമാനിച്ചു .
..............................
......................................................................................................................................................





No comments:

Post a Comment